ഹിജാബ് വിവാദങ്ങൾക്കിടെ സ്കൂളുകളിലും കോളജുകളിലും ഡ്രസ്കോഡ് നിർബന്ധമാക്കി കർണാടക

കർണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും യൂനിഫോം ഡ്രസ് കോഡ് കൊണ്ടുവരാൻ ഒരുങ്ങി ബി.ജെ.പി സർക്കാർ. സ്‌കൂൾ, കോളജ് കാമ്പസുകളിൽ യൂനിഫോം നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന സർക്കാർ ശനിയാഴ്ച വൈകി ഉത്തരവിട്ടു. ഏത് ഡ്രസ് കോഡ് വെണമെന്ന് അതാത് സ്കൂളുകൾക്കും കോളജുകൾക്കും തീരുമാനിക്കാം.

സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് പ്രവേശനം വിലക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാനം മുഴുവൻ ഏക യൂനിഫോം നിയമം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ അംഗീകരിച്ച യൂനിഫോം ധരിക്കണമെന്നാണ് നിർദേശം. മുസ്‍ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളജുകളിൽ വരുന്നതിനെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ കാവി ഷാൾ അണിഞ്ഞ് പ്രതികരിച്ചതിനെ തുടർന്നാണ് ആദ്യം ചില സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കിയിരുന്നത്.

ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മറ്റ് ജില്ലകളിലും വിവാദം ശക്തമാകുകയും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയും ചെയ്തതോടെ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും സംസ്ഥാന സർക്കാർ അംഗീകരിച്ച യൂനിഫോം ഡ്രസ് കോഡ് നിർബന്ധമാക്കിയാണ് ഉത്തരവ് വന്നിരിക്കുന്നത്. പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുകൾ ശനിയാഴ്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

സർക്കാർ സ്‌കൂളിലെ കുട്ടികൾ സർക്കാർ അംഗീകരിച്ച യൂനിഫോം നിർബന്ധമാക്കിയിരിക്കെ, സ്വകാര്യ കോളജുകളിലെ വിദ്യാർഥികൾ മാനേജ്‌മെന്റ് അംഗീകരിച്ച യൂനിഫോം ധരിക്കണം. അതുപോലെ, എല്ലാ പിയു കോളേജുകളിലെയും വിദ്യാർത്ഥികൾ കോളജ് വികസന കൗൺസിൽ (സി.ഡി.സി) അംഗീകരിച്ച യൂനിഫോം ധരിക്കണം. സ്ഥാപനങ്ങൾ ഹിജാബ് നിരോധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. 

Tags:    
News Summary - Amid hijab row, Karnataka government orders uniform dress code in all schools, colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.