‘സ്നേഹമാണ് നേഹ’...ഡൽഹി ജമാ മസ്ജിദിലെ പട്ടിണിപ്പാവങ്ങൾക്ക് നോമ്പു തുറക്കാൻ മുഹബ്ബത്തിന്റെ സർബത്തുമായി ഒരു ഹിന്ദു പെൺകുട്ടി

‘സ്നേഹമാണ് നേഹ’...ഡൽഹി ജമാ മസ്ജിദിലെ പട്ടിണിപ്പാവങ്ങൾക്ക് നോമ്പു തുറക്കാൻ മുഹബ്ബത്തിന്റെ സർബത്തുമായി ഒരു ഹിന്ദു പെൺകുട്ടി

കുറച്ചു കാലങ്ങളായി ദേശീയ തലസ്ഥാനമായ ന്യൂഡൽഹിലെ ചരിത്ര പ്രസിദ്ധമായ ജമാ മസ്ജിദിൽ റമദാൻ കാലത്ത് ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ ഒത്തുചേരൽ നടക്കുന്നുണ്ട്. റമദാനിലെ എല്ലാ ദിവസവും ആവശ്യമുള്ളവർക്ക് ഇഫ്താർ ഭക്ഷണവും തയാറാക്കി ഒരു ഹിന്ദു പെൺകുട്ടി അവിടെ കാത്തിരിപ്പുണ്ടാകും. നേഹ ഭാരതി എന്നാണ് അവളുടെ പേര്.  

നിങ്ങൾ ഒരു മുസ്‍ലിമാണോ? ഡൽഹി ജമാമാമസ്ജിദിനു പുറത്ത്, ഇളം നിറത്തിലുള്ള ചുരിദാർ ധരിച്ച്, ദുപ്പട്ടയും തലയിലിട്ട് ആ പെൺകുട്ടി ഇഫ്താർ ഭക്ഷണം കൈമാറുമ്പോൾ പലപ്പോഴും ആളുകൾ അവിശ്വസനീയതയോടെ ചോദിക്കുന്ന ചോദ്യമാണത്. അതിന് ചിരിയോടെ അല്ല എന്ന് നേഹ മറുപടി പറയും. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ മുസ്‍ലിംകൾക്ക് നോമ്പു തുറക്കാനുള്ള ഭക്ഷണം കൊണ്ടുവരുന്നത് എന്നായിരിക്കും അവരുടെ അടുത്ത ചോദ്യം. ആ ചോദ്യത്തിനും നേഹയുടെ കൈയിൽ കൃത്യമായ ഉത്തരമുണ്ടായിരിക്കും. ഹിന്ദുക്കൾ മുസ്‍ലിംകളെ സഹായിക്കണം, മുസ്‍ലിംകൾ ഹിന്ദുക്കളെയും...അതാണ് താൻ വിശ്വസിക്കുന്ന ഇന്ത്യയെന്ന് നേഹ പറയുന്നു. ഇതൊരു സാമൂഹിക സേവനമായല്ല സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയായായാണ് കാണുന്നതെന്നും നേഹ അവരോട് പറയും. കഴിഞ്ഞ മൂന്നുവർഷമായി അവൾ ആ പതിവ് മുടക്കിയിട്ടില്ല.

ഇഫ്താറിന് കഴിക്കാനുള്ള ഭക്ഷണപ്പൊതിയും സർബത്തുമായാണ് നേഹ എല്ലാ റമദാനിലും ജമാമസ്ജിദിലേക്ക് എത്തുക. ആദ്യസമയത്ത് കുറച്ചു ഭക്ഷണപായ്ക്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. അന്ന് മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിയാണ് നേഹ ഇഫ്താർ ഭക്ഷണം തയാറാക്കിയത്. അങ്ങനെയൊരു ആവശ്യം പറഞ്ഞ മകളോട് മാതാപിതാക്കൾ ഒരു തടസ്സവും പറഞ്ഞില്ലെന്ന് മാത്രമല്ല, എല്ലാ പ്രോത്സാഹനവും നൽകി കൂടെ നിൽക്കുകയും ചെയ്തു.

സമൂഹ മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചപ്പോൾ നേഹയൊരുക്കുന്ന ഇഫ്താർ ഭക്ഷണത്തിന് ആളും ഏറി. ഇപ്പോൾ ഒരു മാസം നൂറുകണക്കിന് വിശ്വാസികൾക്കാണ് ആ പെൺകുട്ടി ഭക്ഷണക്കിറ്റ് നൽകുന്നത്. സുഹൃത്തുക്കളും ഒപ്പമുണ്ട് അതിനായി. 

ഓൾഡ് ഡൽഹിയിലാണ് നേഹയുടെ വീട്. റാഹ് എൻ.ജി.ഒയുടെ സ്ഥാപക കൂടിയാണ് ഈ മിടുക്കി. ഒരു മതത്തിലുള്ളവരെയും വേർതിരിച്ചു കാണാത്ത കുടുംബത്തിലാണ് നേഹ ജനിച്ചത്. പകൽ മുഴുവൻ വിശപ്പും ദാഹവും സഹിച്ച് നോമ്പുതുറക്കാനുള്ള സമയമാകുമ്പോൾ ഭക്ഷണമില്ലാതെ ആളുകൾ ബുദ്ധിമുട്ടുന്ന കാഴ്ച ആ പെൺകുട്ടിയെ വേദനിപ്പിച്ചു. അവർക്കായി എന്തെങ്കിലും നൽകാൻ ആ പെൺകുട്ടി അതിയായി ആഗ്രഹിച്ചു.

''കൈയിൽ ഒന്നുമില്ലാതെയാണ് ആളുകൾ നോമ്പ് മുറിക്കാൻ അന്നൊക്കെ ജമാ മസ്ജിദിൽ എത്തിയിരുന്നത്. അവർക്ക് ഇഫ്താർ ഭക്ഷണം നൽകിയാലോ എന്ന് ഞാൻ ആലോചിച്ചു. അക്കാലത്ത് എന്റെ വിഭവങ്ങൾ പരിമിതമായിരുന്നു. എന്നാൽ സുഹൃത്തുക്കളുടെയും സമൂഹമാധ്യമങ്ങളുടെയും സഹായത്തോടെ അത് വിപുലീകരിക്കാൻ സാധിച്ചു. ഇപ്പോൾ റമദാനിലെ എല്ലാ ദിവസങ്ങളിലും ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്​''-നേഹ പറഞ്ഞു.

വൈകാതെ തന്നെ നേഹ ഒരു സെലിബ്രിറ്റിയായി മാറി. ഇപ്പോൾ തദ്ദേശവാസികളും ജമാമസ്ജിദിലെത്തുന്നവരും നേഹക്കൊപ്പം സെൽഫിയെടുക്കാൻ ഒപ്പം കൂടും. ആ പെൺകുട്ടിയുടെ നിസ്വാർഥ സേവനത്തെ അഭിനന്ദിക്കും.

വിദ്വേഷത്താൽ ഭിന്നിപ്പിക്കുന്ന, വെറുപ്പ് പ്രചരിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തീർത്തും അഭിനന്ദാർഹമായ പ്രവർത്തനമാണ് നേഹ നടത്തുന്നത്. അടുത്തിടെ നാഗ്പൂരിൽ മുഗൾ ച​ക്രവർത്തി ഔറംഗസീബിന്റെ ഖബറിടം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വർ കലാപമുണ്ടാക്കി.

''ഇത്തരം വിദ്വേഷങ്ങൾ വളർത്തുന്നത് കാണുമ്പോൾ വലിയ വിഷമമാണ്. ഇന്ത്യയൊരു മതേതര രാഷ്ട്രമാണ്. വൈവിധ്യത്തിന്റെ ആ നാനാത്വത്തിൽ ഏകത്വം മുറുകെ പിടിപ്പിക്കുകയാണ് ഞങ്ങളെ പോലുള്ളവർ''-നേഹ പറയുന്നു. ​

''മസ്ജിദിന്റെ ഒരു മൂലയിൽ നിന്ന് ഒരു പെൺകുട്ടി ഇഫ്താറിന് ഭക്ഷണം നൽകുന്നത് കണ്ട് ഞാൻ ആദ്യം അമ്പരന്നു. അതൊരു ഹിന്ദു പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ അത്ഭുതം അടക്കാനായില്ല. ഭിന്നിപ്പ് പ്രചരിപ്പിക്കുന്ന കാലത്ത് സ്നേഹത്തിന്റെ മാലാഖയായി ആ പെൺകുട്ടി ഭക്ഷണം വിളമ്പുന്നത് കാണുമ്പോൾ മനസ് നിറയുന്നു. പലരും ചെയ്യാൻ ധൈര്യപ്പെടാത്തതാണ് ആ പെൺകുട്ടി ഒറ്റക്കു ചെയ്യുന്നത്​''-മുസഫർനഗർ സ്വദേശിയായ 35 കാരൻ പറയുന്നു.

റമദാനിൽ മാത്രമല്ല, ജമാമസ്ജിദിനു ചുറ്റുമുള്ള വീടില്ലാതെയും തുണയില്ലാതെയും കഷ്ടപ്പെടുന്ന അശരണർക്ക് എല്ലാ ദിവസവും സഹായം നൽകാൻ കഴിയണമെന്നാണ് ഇപ്പോൾ നേഹയുടെ പ്രാർഥന.

​''പ്രായമായ മനുഷ്യർ തെരുവുകളിൽ അന്തിയുറങ്ങുന്ന കാഴ്ച എല്ലാദിവസവും ഞാൻ കാണുന്നുണ്ട്. അവർക്ക് അഭയം നൽകുകയാണ് എന്റെ വലിയൊരു സ്വപ്നം. അവർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് അടുത്ത ലക്ഷ്യം​'-നേഹ പറയുന്നു.

ചില വിഭാഗങ്ങളിൽ നിന്ന് നേഹ വിമർശനവും നേരിട്ടിട്ടുണ്ട്. എന്നാൽ അതാ പെൺകുട്ടി കണക്കിലെടുക്കുന്നതേ ഇല്ല. ഹിന്ദു, മുസ്‍ലിം എന്ന മുദ്ര തകർക്കുകയാണ് അവളുടെ ലക്ഷ്യം. നമ്മളെല്ലാം മനുഷ്യരാണ്. പരസ്പരം സഹായിച്ചു ജീവിക്കുക എന്നതാണ് നമ്മുടെ കടമയെന്നും നേഹ ഓർമിപ്പിക്കുന്നു. 

Tags:    
News Summary - Amid Rising Divides, a Hindu Woman Serves Iftar at Jama Masjid, Spreading Unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.