സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയിലുള്ള ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധനക്കെത്തുന്നു
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നും നോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമക്കെതിരെ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. പഞ്ചാബ്-ഹരിയന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീല് നാഗു, ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന് എന്നിവരടങ്ങുന്ന സമിതി ചൊവ്വാഴ്ച യശ്വന്ത് വർമയുടെ ഡൽഹി തുഗ്ലക്ക് റോഡിലെ വസതിയിലെത്തി പരിശോധന നടത്തി. സംഘം അരമണിക്കൂർ ഇവിടെ ചെലവഴിച്ചു. സംഭവസ്ഥലത്ത് പരിശോധനക്കായി ആദ്യം എത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകളടക്കം സംഘം പരിശോധിക്കും.
അതിനിടെ, യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈകോടതിയിൽ അഭിഭാഷകർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അതേസമയം, പണം കണ്ടെത്തിയ സംഭവത്തിൽ സഭയിൽ ചർച്ച വേണമോ എന്ന് തീരുമാനിക്കാൻ രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
രാജ്യസഭ നേതാവ് ജെ.പി. നഡ്ഡ, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്തു. വിശദ ചർച്ച വേണമെന്ന ഖാർഗെയുടെ ആവശ്യത്തിൽ പൊതുചർച്ച വേണമോ എന്ന് പരിഗണിക്കാനാണ് ചൊവ്വാഴ്ച വീണ്ടും യോഗം ചേർന്നത്.
പണം കണ്ടെത്തിയ സംഭവം സഭ നിർത്തി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി അടക്കമുള്ളവർ നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച സഭ തുടങ്ങിയതിനു പിന്നാലെ കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി വിഷയം ഗൗരവമുള്ളതാണെന്നും ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വീണ്ടും യോഗം ചേരുന്നുവെന്നകാര്യം ചെയർമാൻ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.