ന്യൂഡൽഹി: മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി ജഡ്ജിയുടെ പരാമർശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസ് എ.ജി മാശിഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഹൈകോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അലഹബാദ് ഹൈകോടതി ജഡ്ജിയിൽ നിന്നും ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്ന് പറയുന്നതിൽ തങ്ങൾക്ക് വിഷമമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ എല്ലാവശവും പരിശോധിച്ചാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. എന്നാൽ, ഇത് നിയമത്തിന്റെ തത്വങ്ങളെ പൂർണമായും നിരാകരിക്കുന്നതിനാൽ ഇടപെടാതിരിക്കാൻ നിർവാഹമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംഭവത്തിൽ കേന്ദ്രസർക്കാറിനും ഉത്തപ്രദേശ് സർക്കാറിനും സുപ്രീംകോടതി നോട്ടീസ് അയിച്ചിട്ടുണ്ട്.
അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.
ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.