ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബി.എസ്.പി നേതാവ് മായാവതിയും ബി.ജെ.പി നേതാവ് അമിത്ഷായും തമ്മിലുള്ള അഭിപ്രായ പ്രകടനങ്ങൾ വാർത്തകളിൽ നിറയുകയാണ്. പരസ്പരം കുറ്റപ്പെടുത്താതെയും ജാഗ്രതയോടെ പുകഴ്ത്തിയുമാണ് ഇരുവരുടെയും പ്രസ്താവനകൾ.
മയാവതിയുടെ പ്രസക്തി നഷ്ടമായിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത്. ഇതേ കുറിച്ചുള്ള പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് മയാവതി പ്രതികരിച്ചതിങ്ങനെ: 'സത്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍റെ മഹാമനസ്കത കൊണ്ട്'.
യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. സവർണ-മുന്നാക്ക വോട്ടുകളാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്. ദലിത്-മുസ്ലിം-പിന്നാക്ക വോട്ടുകളിലാണ് സമാജ്വാദിയുടെ പ്രതീക്ഷ. പിന്നാക്ക വോട്ടുകളാണ് ബി.എസ്.പിയുടെ ശക്തി. ബി.എസ്.പി ദലിത്-മുസ്ലിം വോട്ടുകൾ സമാഹരിക്കുന്നത് വോട്ട് ഭിന്നിക്കാനും ബി.ജെ.പിക്ക് വിജയത്തിനും സഹായകരമാകുമോ എന്നാണ് അഭിമുഖത്തിൽ അമിത് ഷായോട് ചോദിച്ചത്. മായാവതിയുടെ പ്രസ്ക്തി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
സത്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍റെ മഹാമനസ്കതയാണെന്നായിരുന്നു മയാവതി പ്രതികരിച്ചത്. 'ബി.ജെ.പിക്കും എസ്.പിക്കും പകരം ബി.എസ്.പി വിജയക്കുമോയെന്ന് ആർക്കറിയാം. എല്ലാം കാലം തീരുമാനിക്കും' -ജാഗ്രതയോടെയായിരുന്നു മായാവതിയുടെ പ്രതികരണം.
അതേസമയം, സമാജ്വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കാനും അവർ തയാറായി. 'എസ്.പിയെ വോട്ടർമാർ തള്ളിയതാണ്. ആ പാർട്ടി അധികാരത്തിലെത്തുമ്പോഴെല്ലാം ഗുണ്ടാരാജാണിവിടെ' - ബി.ജെ.പിയുടെ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് മായാവതി പറഞ്ഞു. നേരത്തെ യു.പിയിൽ ക്രിമനലുകളുടെ ഭരണമായിരുന്നെന്നും ഗുണ്ടാരാജ് അവസാനിച്ചത് യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോഴാണെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.
എസ്.പിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോഴും സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെതിരെ മായാവതി വിമർശനങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.