അഹ്മദാബാദ്: ഗാന്ധിനഗർ ലോക്സഭ മണ്ഡലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ബി.ജെ.പിയുടെ ചാണക്യനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വോട്ടുപിടിത്തം. 2019ൽ 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അമിത് ഷാക്ക് രണ്ടാമൂഴത്തിൽ ഭൂരിപക്ഷമുയർത്തുകയാണ് എക ലക്ഷ്യം. എ.ഐ.സി.സി സെക്രട്ടറിയും പടിദാർ സമുദായക്കാരിയുമായ സോനൽ പട്ടേലാണ് അമിത് ഷായെ നേരിടുന്ന കോൺഗ്രസ് സ്ഥാനാർഥി.
ഒരിക്കൽ മാത്രം മണ്ഡലങ്ങളിലൂടെ റോഡ് ഷോ നടത്തിയ അമിത് ഷാ തന്റെ ടീമിനെ പ്രചാരണ ചുമതല ഏൽപിച്ച് മറ്റു ദേശങ്ങളിൽ പ്രചാരണ തിരക്കിലാണ് . ‘ഗുജറാത്തിയായ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ’ മേയ് ഏഴിന് രാവിലെ 10.30നുമുമ്പ് വോട്ട് ചെയ്യണമെന്ന് വീടുവിടാന്തരം കയറി അമിത് ഷായുടെ സന്ദേശം നൽകുകയാണ് ടീം. മണ്ഡലത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരു തവണയെങ്കിലും ടീം എത്തിയെന്ന് ഡോ യാഗ്നേഷ് ദാവേ പറഞ്ഞു.
‘ഗിഫ്റ്റ്’ സിറ്റി, ബുള്ളറ്റ് ട്രെയിൻ, സർദാർ വല്ലഭ്ഭായ് പട്ടേൽ സ്പോർട്സ് സമുച്ചയം തുടങ്ങി വികസന പദ്ധതികൾ തലയുയർത്തി നിൽക്കുമ്പോഴും തൊഴിലില്ലായ്മ, വിലക്കയറ്റം, സമുദായിക സംവരണം തുടങ്ങി ഭരണവിരുദ്ധ വികാരമുണ്ട് ജനമനസ്സിൽ. ബി.ജെ.പി നരേന്ദ്ര മോദിയിൽ ഊന്നിനിൽക്കുമ്പോൾ ഭരണ വിരുദ്ധവികാരത്തിലാണ് ആർക്കിടെക്ട് കൂടിയായ സോനൽ പട്ടേലിന്റെ പ്രതീക്ഷ.
2015ലെ പടിദാർ സമുദായ സംവരണ സമരത്തിൽ യുവാക്കൾ മരിച്ചതിലെ നോവ് ഇപ്പോഴും അവരുടെ മനസ്സിൽ നീറുന്നു. രാജ്കോട്ടിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രുപാലയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പിക്കെതിരെയുള്ള ക്ഷത്രിയ സമുദായക്കാരുടെ രോഷവും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. 15 ശതമാനം വരുന്ന ദലിതുകളുടെയും 10 ശതമാനം വരുന്ന മുസ്ലിംകളുടെയും പിന്തുണയും പ്രതീക്ഷിക്കുന്നു.
തങ്ങളുടെ വോട്ടുബാങ്കായ ക്ഷത്രിയരുമായുള്ള വിഷയം തെരഞ്ഞെടുപ്പിനുമുമ്പേ പരിഹരിക്കപ്പെടുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം വർധിപ്പിക്കുക എന്ന അമിത് ഷായുടെ ആഗ്രഹത്തിന് മങ്ങലേൽപിക്കുമെന്നല്ലാതെ സോനൽ പട്ടേലിന് ജയിക്കാനാകില്ലെന്നാണ് നിരീക്ഷണം.
1989 മുതൽ ബി.ജെ.പി കൈയടക്കിയതാണ് ഗാന്ധിനഗർ. ’91 മുതൽ 2014 വരെ ആറുതവണ ബി.ജെ.പിയിലെ മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന എൽ.കെ. അദ്വാനിയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. 1996ൽ മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി ഗാന്ധിനഗറിൽ ജയിച്ചെങ്കിലും രാജിവെച്ചു. ഗാന്ധിനഗറിനൊപ്പം മത്സരിച്ചു ജയിച്ച ലഖ്നോ സീറ്റ് നിലനിർത്തുകയായിരുന്നു അദ്ദേഹം.
സീറ്റ് തിരിച്ചുപിടിക്കാൻ ബോളിവുഡ് താരം രാജേഷ് ഖന്നയേയും (1996ലെ ഉപതെരഞ്ഞെടുപ്പ്) മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ടി.എൻ. ശേഷനേയും (1999) കോൺഗ്രസ് പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല. ’91ൽ അദ്വാനിയുടെ പ്രചാരണ ചുമതലയുടെ മേൽനോട്ടക്കാരനായിരുന്നു അമിത് ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.