കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും - അമിത് ഷാ

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ചൊവ്വാഴ്ച പാർലമെന്‍റിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അമിത് ഷാ ഇതുമായി ബന്ധപ്പെട്ട ഉറപ്പ് നൽകിയത്. കോവിഡ് വാക്‌സിനേഷൻ മൂന്നാം ഡോസ് പൂർത്തിയാകുന്ന മുറക്ക് സി.എ.എയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി. മുൻകരുതൽ ഡോസ് വാക്സിനേഷൻ ഡ്രൈവ് കഴിഞ്ഞ ഏപ്രിലിലാണ് സർക്കാർ ആരംഭിച്ചത്. ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.

പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസുമായി (ടി.എം.സി) ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ പോരാട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഷായുടെ ശ്രദ്ധയിൽപ്പെടുത്തി. അഴിമതിക്കാരായ 100 ടി.എം.സി നേതാക്കളുടെ പട്ടിക താൻ കൈമാറിയതായും അധികാരി അറിയിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് സി.എ.എ നടപ്പാക്കുന്നത്.

2019 ഡിസംബർ 11നാണ് സി.എ.എ പാർലമെന്റ് പാസ്സാക്കുന്നത്. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും സി.എ.എയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

Tags:    
News Summary - Amit Shah says will implement CAA once Covid vaccination drive is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.