ന്യൂഡൽഹി: ഇംഗ്ലീഷിന് ബദലായി ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്.
അമിത് ഷാ നടത്തുന്നത് സാംസ്കാരിക തീവ്രവാദമാണെന്നും അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനും എം.പിയുമായ അധിർ രഞ്ജൻ ചൗധരി പറഞ്ഞു. രാജ്യത്ത് കുറഞ്ഞ ജനങ്ങൾ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്.
ബി.ജെ.പി 'ഹിന്ദി, ഹിന്ദു, ഹിന്ദുത്വ' അജൻഡ നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇംഗ്ലീഷിനു ബദലായി ഹിന്ദി ഉപയോഗിക്കണമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. ദേവഗൗഡ എന്നിവർ വിമർശനവുമായി രംഗത്തുവന്നിരുന്നു.
വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ സംസാരിക്കണമെന്നും സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അമിത് ഷാ പറഞ്ഞത്. പാർലമെന്‍റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.