അമരാവതി: ആന്ധ്രപ്രദേശിലെ കൂർണൂലിൽ ഹനുമാന്‍ ജയന്തിറാലിക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. വിശ്വഹിന്ദു പരിക്ഷത്തിന്‍റെ ഹനുമാന്‍ ജയന്തി ആഘോഷങ്ങൾക്കിടെയാണ് സംഘർഷം. പൊലീസിന്‍റെ നിർദ്ദേശങ്ങൾക്ക് വിരുദ്ദമായി റാലിയിൽ ഡി.ജെ സെറ്റുകൾ ഉപയോഗിച്ചതും മുസ്ലിം പള്ളിക്ക് മുന്നിൽ റാലിക്കാർ വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ചതുമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് കുർണൂൽ എസ്.പി സി.എച്ച് സുധീർ കുമാർ റെഡ്ഡി പറഞ്ഞു. സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മുസ്ലിം പള്ളിക്ക് സമീപമെത്തിയപ്പോൾ ഡി.ജെ സെറ്റുകൾ നിർത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. റാലിക്കാർ ഡി.ജെ നിർത്തിയെങ്കിലും മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ഘോഷയാത്ര പള്ളിയിൽ നിന്ന് അൽപം അകന്നപ്പോൾ അവർ വീണ്ടും ഡി.ജെ തുടർന്നതാണ് ഇരു സമുദായക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ പത്ത് മിനിറ്റോളം കല്ലേറ് നടന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസ് സേനയെ കൊണ്ടുവന്ന് സംഘർഷം ശമിപ്പിക്കുകയാണുണ്ടായത്.
കൂർണൂലിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും സുധീർ കുമാർ റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജഹാഗീർപൂരിയിൽ ഹനുമാന്‍ ജയന്തി റാലിക്കിടെ സമാനമായി രണ്ട് സമുദായക്കാർ ഏറ്റുമുട്ടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.