അങ്കിതയുടേത് മുങ്ങിമരണം; ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയുടേത് മുങ്ങി മരണം. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ശനിയാഴ്ച വൈകീട്ട് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു 19കാരിയായ അങ്കിത. ശനിയാഴ്ച രാവിലെ സമീപത്തെ ഒരു കനാലിൽനിന്നാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രതിഷേധം ശക്തമാകുകയും കേസിൽ പുൽകിത് അറസ്റ്റിലാകുകയും ചെയ്തതോടെ വിനോദ് ആര്യക്കെതിരെ ബി.ജെ.പി നടപടിയെടുത്തിരുന്നു. പുൽകിതിനൊപ്പം കേസിൽ അറസ്റ്റിലായ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്‍റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലിൽ ഉപേ‍ക്ഷിക്കുകയായിരുന്നു. മൂവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ ഉത്തരവിട്ടു. കാണാതായ രാത്രി പ്രധാന പാചകക്കാരനെ അങ്കിത കരഞ്ഞുകൊണ്ട് വിളിച്ചിരുന്നതായി റിസോർട്ടിലെ ജീവനക്കാരനായ മൻവീർ സിങ് ചൗഹാൻ വെളിപ്പെടുത്തിയിരുന്നു.

സെപ്റ്റംബർ 18ന് ഉച്ചക്ക് മൂന്നിനാണ് അങ്കിതയെ അവസാനമായി റിസോർട്ടിൽ കണ്ടത്. പിന്നീട് മൂന്നുപേർക്കൊപ്പമാണ് അങ്കിത റിസോർട്ടിൽനിന്ന് പുറത്തു പോയത്. രാത്രി ഒമ്പതിന് സംഘം തിരിച്ചെത്തിയെങ്കിലും അക്കൂട്ടത്തിൽ അങ്കിത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ ലൈംഗിക ആവശ്യങ്ങൾക്കു വഴങ്ങാത്തതാണെന്ന് കുടുംബം ആരോപിച്ചു.

Tags:    
News Summary - Ankita Bhandari died due to drowning, had blunt force trauma, reveals autopsy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.