മഹാരാഷ്ട്രയിൽ എക്സൈസ് നയം ഉദാരവൽക്കരിച്ചതിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ

ന്യൂഡൽഹി: സൂപ്പർമാർക്കറ്റുകളിൽ വൈൻ വിൽക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. നിരാഹാര സമരം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അയച്ചതായും എക്സൈസ് തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ റാലേഗൻ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തിൽ ഫെബ്രുവരി 14 മുതൽ നിരാഹാരസമരം തുടങ്ങുമെന്നും അണ്ണാ ഹസാരെ അറിയിച്ചു.

സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും വൈൻ കർഷകരുടെയും വിൽപ്പനക്കാരുടെയും താൽപ്പര്യങ്ങൾ പരിഗണിച്ച് എടുത്ത ഈ തീരുമാനം യുവാക്കളും സ്ത്രീകളുമുൾപ്പെടുന്ന സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. ഈ വിഷയം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് രണ്ട് 'ഓർമ്മപ്പെടുത്തൽ കത്തുകൾ' അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഹസാരെ പറഞ്ഞു. സമാന ചിന്താഗതിയുള്ള സംഘടനകളുടെ പ്രവർത്തകരുടെ യോഗം ഉടനെ റാലേഗാൻ സിദ്ധിയിൽ ചേരുമെന്നും ഹസാരെ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും 5,000 രൂപ വാർഷിക ലൈസൻസിംഗ് ഫീസിൽ വൈൻ വിൽക്കാനുള്ള നിർദ്ദേശത്തിന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ത്യൻ വൈനറികൾക്ക് കൂടുതൽ ലഭ്യമാകുന്ന മാർക്കറ്റിംഗ് ചാനൽ ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യമെന്നും സംസ്ഥാന കാബിനറ്റ് അറിയിച്ചിരുന്നു.

Tags:    
News Summary - Anna Hazare announces hunger strike against Maharashtra's liberalized excise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.