താങ്ങുവില കൂട്ടിയില്ലെങ്കിൽ പട്ടിണി സമരം നടത്തു​മെന്ന്​ മോദിയോട്​ അണ്ണ ഹസാരെ

മുംബൈ: കാർഷികോൽപന്നങ്ങൾക്ക്​ മുടക്കുമുതലിനേക്കാൾ 50 ശതമാനം അധികം താങ്ങുവില​ (എംഎസ്പി) നൽകണമെന്ന് ആവശ്യപ്പെട്ട്​ അണ്ണ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 2018ൽ താൻ ഉപവാസ സമരം നടത്തിയപ്പോൾ സർക്കാർ ഇതുസംബന്ധിച്ച്​ നൽകിയ വാക്ക്​ ഇതുവരെ പാലിച്ചി​ട്ടില്ലെന്നും ഇനിയും നടപ്പാക്കിയില്ലെങ്കിൽ ജനുവരി അവസാനം പട്ടിണി സമരം നടത്തുമെന്നും അദ്ദേഹം കത്തിൽ മുന്നറിയിപ്പ്​ നൽകി.

"ഈ വിഷയത്തിൽ ഞാൻ ഇതുവരെ അഞ്ച് തവണ നിങ്ങളുമായി കത്തിടപാടുകൾ നടത്തി. പക്ഷേ ഒരു ഉത്തരവും ലഭിച്ചില്ല. അതിനാലാണ് ജനുവരി അവസാനം നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്. ഉപവാസ വേദിയായി രാംലീല മൈതാനം വിട്ടുകിട്ടാൻ ബന്ധപ്പെട്ട അധികാരികൾക്ക്​ നാല് കത്തുകൾ എഴുതി. അതിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല" -മോദിക്ക്​ എഴുതിയ കത്തിൽ ഹസാരെ പറഞ്ഞു. ഹിന്ദിയിലാണ്​ അദ്ദേഹം കത്തെഴുതിയത്​.

'ന്യൂഡൽഹി രാംലീല മൈതാനത്ത് നടത്തിയ ഏഴു ദിവസ ഉപവാസത്തിനൊടുവിൽ 2018 മാർച്ച് 29ന് അങ്ങയുടെ സർക്കാർ നൽകിയ രേഖാമൂലമുള്ള ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. സ്വാമിനാഥൻ കമ്മീഷന്‍റെ ശുപാർശകൾ സർക്കാർ അംഗീകരിച്ചിരുന്നു. ഒരു ശുപാർശ അംഗീകരിക്കു​േമ്പാൾ അതിലുള്ള കാര്യങ്ങൾ പാലിക്കേണം. താങ്ങുവില നിശ്​ചയിക്കു​േമ്പാൾ മുടക്കുമുതലിനേക്കാൾ 50 ശതമാനം വർധിപ്പിക്കണമെന്ന് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്​തിരുന്നു. ഇത്​ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ 2018 മാർച്ച് 23ന് ഞങ്ങൾ രാം‌ംലീല മൈതാനത്ത് ഉപവാസമനുഷ്ഠിച്ചു. ആ മാസം 29ന് അന്നത്തെ കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ്​ ശെഖാവത്തും അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശുപാർശ നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ ഓഫസിൽനിന്നുള്ള ഉറപ്പ് രേഖാമൂലം ഞങ്ങൾക്ക്​ നൽകിയിരുന്നു' -കത്തിൽ പറഞ്ഞു.

വിളയുടെ താങ്ങുവില നിശ്ചയിക്കുമ്പോൾ കർഷകർ, കാലികൾ, യന്ത്രം എന്നിവയുടെ അധ്വാനം, വിത്തിന്‍റെ വില, വളം, വൈദ്യുതി, ജലസേചനം, ഭൂമി, കീടനാശിനി, കളനാശിനി, ഉഴുകൽ എന്നിവയുടെ മൂല്യവും അതിന്‍റെ 50 ശതമാനം കൂടുതലും നൽകണം. എന്നാൽ, കർഷകർക്ക് അവരുടെ ഉൽപന്നങ്ങളുടെ വില പോലും ലഭിക്കുന്നില്ല. അതുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്യുന്നത്​ - ഹസാരെ കത്തിൽ പറഞ്ഞു.

''നമ്മുടെ ഭരണഘടനയനുസരിച്ച്, ആരും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. തൊഴിലിന്​ അനുയോജ്യമായ പ്രതിഫലം ലഭിക്കണം. ഇത് അവരുടെ അവകാശമാണ്. എന്നാൽ, പൊതുജനങ്ങളെ സേവിക്കുന്ന കർഷകൻ മാത്രം രാജ്യത്ത്​ ചൂഷണം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്യുന്നത്. കാർഷിക ഉൽ‌പന്നങ്ങൾക്ക്​ മുടക്കുമുതലിനേക്കാൾ 50 ശതമാനം കൂടുതൽ നൽകേണ്ടത് ആവശ്യമാണ്. ഇത്​ താങ്കൾ ഞങ്ങൾക്ക് രേഖാമൂലം ഉറപ്പ് നൽകിയതുമാണ്​. ഇനിയും നടപ്പാക്കിയില്ലെങ്കിൽ ജനുവരി അവസാനം പട്ടിണി സമരം നടത്തും' - ഹസാരെ വ്യക്​തമാക്കി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.