ബംഗാളിൽ അക്രമം നടക്കുമ്പോൾ മമത ദീദി സുഖമായി ഉറങ്ങി; ഹിന്ദു വിരുദ്ധയും പക്ഷപാതിയുമാണവർ -മമതക്കെതിരെ അനുരാഗ് താക്കൂർ

കൊൽക്കത്ത: ഹൗറയിൽ രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളെ ചൊല്ലി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ പോര് മുറുകുന്നു. പശ്ചിമബംഗാളിൽ സംഘർഷത്തിന് പ്രേരണ നൽകുകയാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു. ശനിയാഴ്ച സംസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മമത ബാനർജി ഹിന്ദു വിരുദ്ധയും പക്ഷപാതിയുമാണെന്നും താക്കൂർ കുറ്റപ്പെടുത്തി.

ബംഗാളിലെ രാമഭക്തരെ കൂട്ടമായി ആക്രമിക്കുകയാണ്. ശോഭയാത്ര നിർത്തിവെപ്പിക്കുകയും ചെയ്തു. ലാത്തികളും കല്ലുകളും ബോംബുകളും ഉപയോഗിച്ചാണ് രാമഭക്തർക്കു നേരെ ആക്രമണം നടത്തിയത്. മുഖ്യമന്ത്രി മമത ബാനർജി എത്രമാത്രം പക്ഷപാതിയും ഹിന്ദു വിരുദ്ധയുമാണെന്നതിന്റെ ഉദാഹരണമാണിതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ബി.ജെ.പി പ്രവർത്തകനായ രാജു ത്സായെ അജ്ഞാതരായ ആളുകൾ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹിന്ദുക്കൾക്കെതിരെ ആക്രമണം നടക്കുമ്പോൾ മമത ദീദി ഉറങ്ങുകയായിരുന്നു. അവർ ഒരു വിഭാഗത്തിന് മാത്രം സുരക്ഷ ഏർപ്പെടുത്തി. എന്നിട്ട് ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിട്ടു- കേന്ദ്രമന്ത്രി ആരോപിച്ചു.

ഹൗറയിലെ സംഘർഷത്തിനിടെ വാഹനങ്ങളും പൊതുമുതലുകളും നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയതിന് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ​പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നിതീഷ് കുമാർ നയിക്കുന്ന ബിഹാർ സർക്കാരിനെയും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ബിഹാർ ഇപ്പോൾ ഭരിക്കുന്നത് കാട്ടുരാജാവാണ്. അവിടത്തെ ക്രമസമാധാന നില പൂർണമായും തകർന്നു. ഒരിക്കൽ ലാലുവിന്റെ സഖ്യം വിട്ട ആ കാട്ടുരാജാവ് വീണ്ടും അവരുമായി സഖ്യമുണ്ടാക്കി ഭരിക്കുകയാണെന്നും താക്കൂർ വിമർശിച്ചു.

Tags:    
News Summary - Anurag Thakur slams Mamata Banerjee for Bengal violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.