ന്യൂഡൽഹി: തങ്ങളുടെ കൈവശമുള്ള സ്വത്തുക്കൾക്കുമേൽ വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചുവെന്ന പുരാവസ്തു വകുപ്പിന്റെ അവകാശവാദം ചോദ്യം ചെയ്ത പ്രതിപക്ഷ എം.പിമാർ പുരാവസ്തു വകുപ്പ് ഡൽഹിയിൽ മാത്രം കൈയേറിയ 172 വഖഫ് സ്വത്തുക്കളുടെ പട്ടിക സംയുക്ത പാർലമെന്ററി സമിതിക്ക് സമർപ്പിച്ചു.
രാജ്യത്തെ പ്രധാന വഖഫ് കൈയേറ്റക്കാർ എന്ന ആക്ഷേപം നേരിടുന്ന പുരാവസ്തു വകുപ്പും പ്രതിപക്ഷ എം.പിമാരും തമ്മിൽ സംയുക്ത പാർലമെന്ററി സമിതിയിൽ നേർക്കുനേർ ഏറ്റുമുട്ടിയതിന് പിന്നാലെ സമിതി അംഗമായ അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി എം.പിയാണ് കൈയേറ്റത്തിന്റെ പട്ടിക സമർപ്പിച്ചത്.
രാജ്യത്തൊട്ടാകെ തങ്ങളുടെ പക്കലുള്ള 120 സംരക്ഷിത ചരിത്ര സ്മാരകങ്ങൾക്കുമേൽ വിവിധ വഖഫ് ബോർഡുകൾ അവകാശവാദമുന്നയിച്ചിരിക്കുകയാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സമിതി മുമ്പാകെ ആരോപിച്ചിരുന്നു.
അത്തരത്തിലുള്ള 53 സ്മാരകങ്ങളുടെ പട്ടികയും ജെ.പി.സിക്ക് എ.എസ്.ഐ കൈമാറി. പുരാവസ്തു വകുപ്പിന് പുറമെ, ഇന്ത്യൻ റെയിൽവേയും ഉപരിതല ഗതാഗത മന്ത്രാലയവും ഇതേതരത്തിലുള്ള ആരോപണങ്ങളുന്നയിച്ചു. ഇതിനെതിരെ ഉവൈസിക്ക് പുറമെ കോൺഗ്രസിന്റെ സയ്യിദ് നസീർ ഹുസൈനും ജെ.പി.സിയിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.