കൊൽക്കത്ത: 'മാർക്സിസം നീണാൾ വാഴെട്ട' എന്നെഴുതിയ മധ്യ കൊൽക്കത്തയിലെ ഒരു ചുവരിൽ ആരോ ഒരു കൃസൃതി ഒപ്പിച്ചിരുന്നു. 'വാഴെട്ട' എന്നത് ചുരണ്ടിമാറ്റി 'വീഴെട്ട' എന്നാക്കി. ഒരുപക്ഷേ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രകടനമായിരിക്കണം ആ തമാശക്കാരനെക്കൊണ്ട് അങ്ങനെയൊരു 'കടുംകൈ' ചെയ്യിച്ചത്. 34 വർഷം ഇടതുമുന്നണി ഭരിച്ച ബംഗാളിൽ ഇക്കുറി കമ്യൂണിസ്റ്റ് പാർട്ടികളുടെ അക്കൗണ്ട് ശൂന്യമാണ്. സി.പി.എം നേതൃത്വം നൽകുന്ന ഇടതു കക്ഷികൾക്ക് ലഭിച്ചത് 5.47 ശതമാനം വോട്ട്.
2011 ൽ തൃണമൂലിനോട് ഏറ്റുമുട്ടി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് വിരാമമിട്ട തെരഞ്ഞെടുപ്പിൽ 30.1 ശതമാനം വോട്ടുനേടി കരുത്തുകാണിച്ച മുന്നണിക്കാണ് ഈ ഗതികേട്. ഇക്കുറി തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും നേരിട്ട് പോരിനിറങ്ങിയപ്പോൾ കാര്യമായ സാന്നിധ്യം പോലുമാകാൻ കോൺഗ്രസും സി.പി.എമ്മും മറ്റ് ഇടതുകക്ഷികളും ചേർന്ന സംയുക്ത സഖ്യത്തിനായില്ല. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പോലും ഇടതു പാർട്ടികൾ 25.69 ശതമാനം വോട്ടു നേടിയിരുന്നു. 'ബി.ജെ.പി ബംഗാൾ പിടിച്ചടക്കുമെന്ന ആശങ്കയിൽ ഭരണവിരുദ്ധ വികാരം പോലും മാറ്റിവെച്ച് ജനങ്ങൾ തൃണമൂലിന് വോട്ടുചെയ്തതാണ് ഇൗ തിരിച്ചടിക്ക് കാരണം'-പരാജയം സമ്മതിച്ച് രാജ്യസഭ മുൻ എം.പിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ നീലോൽപൽ ബസു പറയുന്നു. ഇടതു പാർട്ടികൾക്ക് കിേട്ടണ്ടിയിരുന്ന അഞ്ച് ശതമാനത്തോളം വോട്ടുകൾ ബി.ജെ.പിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ തൃണമൂൽ പക്ഷത്തേക്ക് മറിഞ്ഞുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
അതിനിടയിൽ അവർ ഭരണതലത്തിലെ അഴിമതി പോലും വിസ്മരിക്കുകയും ചെയ്തെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 2019ൽ സംസ്ഥാനത്തെ 18 ലോക്സഭ സീറ്റുകളിൽ വിജയിച്ച ബി.ജെ.പി 40 ശതമാനം വോട്ടാണ് നേടിയത്. കോൺഗ്രസിലെയും ഇടതു പാർട്ടികളിലെയും വോട്ടുകളാണ് ബി.ജെ.പിക്ക് ആ അടിത്തറയിട്ടുകൊടുത്തത്. ഇക്കുറി ആ വോട്ടുകൾ തൃണമൂലിലേക്ക് പോയി. 'ബി.ജെ.പിക്ക് വോട്ടില്ല' എന്ന കാമ്പയിനുമായി തെരഞ്ഞെടുപ്പിനിറങ്ങിയ സി.പി.െഎ (എം.എൽ) ലിബറേഷൻ പാർട്ടി സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഇടതു പരാജയത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞതിെൻറ കാരണങ്ങൾ സി.പി.എമ്മിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്ര നേതൃത്വം െതരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. 'കിഴക്കിെൻറ ലെനിൻഗ്രാഡ്' എന്നറിയപ്പെട്ടിരുന്ന, പാർട്ടിയുടെ തട്ടകമായിരുന്ന ജാദവ്പൂരിൽ 1967 ന് ശേഷം സി.പി.എം മാത്രമെ ജയിച്ചിരുന്നുള്ളൂ. വിളക്കുകാലിൽ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ചാലും ജയിച്ചുകയറിക്കൊണ്ടിരുന്ന മണ്ഡലത്തിൽ പാർട്ടിയുടെ തലമുതിർന്ന നേതാവ് സുജൻ ചക്രവർത്തി തൃണമൂലിലെ പുതുമുഖത്തിനെതിരെ 40,000 വോട്ടുകൾക്കാണ് ഇക്കുറി പരാജയപ്പെട്ടത്. ഇതിലും വലിയ തിരിച്ചടി ഉണ്ടാവാനില്ലെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.
'കൊൽക്കത്ത നഗരത്തിലെ വോട്ടിങ് വ്യക്തമാക്കുന്നത് ഇടതു ലിബറൽ മതേതര ബോധമുള്ളവരെല്ലാം ബി.ജെ.പിയെ ചെറുക്കാനായി തൃണമൂലിന് വോട്ട് ചെയ്തു എന്നാണ്. ഇത് തങ്ങളുടെ വോട്ടാണ് എന്ന് തൃണമൂൽ കരുേതണ്ടതില്ല. ഇടതുകക്ഷികൾ ഒന്നിക്കുമ്പോൾ ഇൗ വോട്ടുകൾ തിരികെ വരിക തന്നെ ചെയ്യും' -നീലോൽപൽ ബസു സമാശ്വസിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ, ഇൗ വോട്ടുകൾ തിരികെെയത്തിക്കുക സി.പി.എം നേതൃത്വത്തിലുള്ള ഇടതുകക്ഷികൾക്ക് അത്ര എളുപ്പമായിരിക്കില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 'ഇടതു പാർട്ടികൾ നേരിടുന്നത് ആഴമേറിയതും അസ്വസ്ഥപ്പെടുത്തുന്നതുമായ പ്രതിസന്ധിയാണ്. 17 വർഷം മുമ്പ് 59 എം.പിമാരുമായി പാർലമെൻറിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരുന്നു സി.പി.എം. അതിൽ 35 സീറ്റും കിട്ടിയത് പശ്ചിമ ബംഗാളിൽ നിന്ന് മാത്രമായിരുന്നു.
ഒടുവിൽ സംസ്ഥാനത്തു നിന്ന് ഒരൊറ്റ എം.പി പോലുമില്ലാത്ത അവസ്ഥയിലെത്തിയത് പാർട്ടിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നുവെന്ന് കൊൽക്കത്ത റിസർച് ഗ്രൂപ്പിലെ നിരീക്ഷകനായ രജത് റോയി പറയുന്നു. ഇൗ വോട്ടുകൾ തിരികെ പാർട്ടിയിലെത്തിക്കുക എളുപ്പമല്ലെന്ന് അേദ്ദഹം അഭിപ്രായപ്പെടുന്നു. അതേസമയം, ജെ.എൻ.യു വിദ്യാർഥി നേതാവ് െഎഷി ഘോഷും ഡി.വൈ.എഫ്.െഎയുടെ സംസ്ഥാന നേതാവ് മീനാക്ഷി മുഖർജിയും താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അവരിലാണ് ഇനി പാർട്ടിയുടെ പ്രതീക്ഷയെന്നാണ് നീലോൽപൽ ബസു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.