ന്യൂഡൽഹി: മുസ്‍ലിംകളെ ഒരു സമുദായമെന്ന നിലയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരായി കണക്കാക്കാമോ എന്ന കാര്യം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിശോധിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ.പി പർദീവാല എന്നീ ജഡ്ജിമാരുമുണ്ടാകും. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റികളിൽ സിഖ് സംവരണവും ഈ ബെഞ്ച് പരിശോധിക്കും. സുപ്രീംകോടതിക്ക് മേഖലാ തലത്തിൽ ബെഞ്ചുകളും അപ്പീലിനായി പ്രത്യേക കോടതിയും ആവശ്യമുണ്ടോ എന്ന കാര്യമാണ് ഇതേ ബെഞ്ച് പരിശോധിക്കുന്ന മറ്റൊരു വിഷയം.
ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ രണ്ടാമത്തെ ഭരണഘടനാ ബെഞ്ച് ചടങ്ങ് കല്യാണം (നികാഹ് ഹലാല),ബഹുഭാര്യത്വം എന്നീ മുസ്‍ലിം വ്യക്തിനിയമ സമ്പ്രദായങ്ങളുടെ സാധുത ചൊവ്വാഴ്ച പരിശോധിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുര്യകാന്ത്, എം.എം സുന്ദരേഷ്, സുധാൻഷു ധുലിയ എന്നിവർ ഈ ബെഞ്ചിലുണ്ടാകും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകിയ ഭരണഘടനയുടെ 103ാം ഭേദഗതിയുടെ സാധുതയും ഇതേ ബെഞ്ച് പരിശോധിക്കും.
ഹരിയാനയിൽ 75 കഴിഞ്ഞ പ്രതികൾക്ക് ജയിൽമോചനം നൽകിയതും അഞ്ചംഗ ജഡ്ജിമാരുടെ വിധി നാലംഗ ബെഞ്ചിന് റദ്ദാക്കാനാകുമോ എന്ന വിഷയവും സെലക്ഷൻ പ്രക്രിയ കഴിഞ്ഞ ശേഷം മിനിമം മാർക്ക് യോഗ്യതയിൽപ്പെടുത്താനാകുമോ എന്ന വിഷയവും ഈ ഭരണഘടനാ ബെഞ്ച് പരിശോധിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.