ന്യൂഡൽഹി: സെൻട്രൽ വിസ്ത നിർമാണം പുരോഗമിക്കുന്ന ഡൽഹിയിൽ പ്രതിരോധ വിഭാഗത്തിെൻറ 27 ഓഫിസുകൾ 775 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടസമുച്ചയത്തിലേക്ക്. രാഷ്ട്രപതി ഭവനോടുചേർന്ന നോർത്ത്, സൗത്ത് ബ്ലോക്കുകൾക്ക് സമീപത്ത് ഇതോടെ ഒഴിവുവരുന്ന 50 ഏക്കർ സ്ഥലത്ത് പ്രധാനമന്ത്രിയുടെ വസതി അടക്കം പുതിയ നിർമാണം ഉയരും.
പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ഇണങ്ങുന്ന വിധത്തിലാണ് ദേശീയ തലസ്ഥാനമായ ഡൽഹി വികസിപ്പിക്കുന്നതെന്ന് പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തലസ്ഥാനം എന്നുപറയുന്നത് ഒരു രാജ്യത്തിെൻറ ഭരണ സിരാകേന്ദ്രം മാത്രമല്ല, രാജ്യത്തിെൻറ ചിന്താധാരയുടെയും ഇച്ഛാശക്തിയുടെയും കരുത്തിെൻറയും സംസ്കാരത്തിെൻറയും പ്രതീകമാണ്.
കാലത്തിനൊത്ത് നവീനമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സെൻട്രൽ വിസ്ത പദ്ധതി ആവിഷ്കരിച്ചതെന്ന് മോദി പറഞ്ഞു. അതിനെ അകാരണമായി എതിർക്കുന്നവർക്ക് വ്യക്തിപരമായ അജണ്ടകളുണ്ട്. പഴഞ്ചൻരീതി തുടർന്നുകൊണ്ട് നവീകരിക്കാനാവില്ല. നയവും ലക്ഷ്യവും വ്യക്തമാണെങ്കിൽ, ഇച്ഛാശക്തമാണെങ്കിൽ, ശ്രമം ആത്മാർഥമാണെങ്കിൽ എല്ലാം സാധ്യമാണ്.
വിവിധ മന്ത്രാലയങ്ങൾക്ക് തൊട്ടടുത്തുനിന്ന് സൈനിക ഓഫിസുകൾ കസ്തൂർബഗാന്ധി മാർഗ്, ആഫ്രിക്കൻ അവന്യൂ ഭാഗങ്ങളിലേക്കാണ് മാറുന്നത്. പ്രതിരോധ വകുപ്പിലെ 7000ഓളം ഓഫിസർമാരും മറ്റു ജീവനക്കാരും ഇതോടെ പുതിയ കെട്ടിടസമുച്ചയങ്ങളിലേക്ക് മാറും.
കുതിരലായംപോലുള്ള കെട്ടിടങ്ങളിൽ ഇവർ ഇത്രകാലം വീർപ്പുമുട്ടി കഴിയുകയായിരുന്നെങ്കിലും ഇതുവരെ അത് ആരുടെയും കണ്ണിൽപെട്ടില്ലെന്ന് മോദി കുറ്റപ്പെടുത്തി. അടുത്ത റിപ്പബ്ലിക്ദിന പരേഡ് പുതിയ സെൻട്രൽ വിസ്തയിൽ നടക്കുമെന്നും അതിനുള്ളിൽ രാജ്പഥിനോടുചേർന്ന ഭാഗങ്ങളിൽ പണി പൂർത്തിയാകുമെന്നും നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി ചടങ്ങിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.