തെരഞ്ഞെടുപ്പ് ക്രമക്കേട്: കർണാടക മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്

ബംഗളൂരു: തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ക്രമക്കേട് നടത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ രാജിവെക്കണമെന്ന് കോൺഗ്രസ്. വോട്ടർമാരിൽ നിന്ന് വാതിൽപ്പടി വിവരശേഖരണത്തിന് സ്വകാര്യ പാർട്ടിയെ ഏൽപ്പിച്ചുവെന്നാണ് ആരോപണം. ബംഗളൂരു തദ്ദേശ സ്ഥാപനമായ ബ്രുഹത് ബംഗളൂരു മഹാനഗര പാലിക് ആഗസ്റ്റിൽ വോട്ടർമാരുടെ വിവരശേഖരണത്തിന് സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടക ഇൻചാർജുമായ രൺദീപ് സിങ് സുർജെവാല ആരോപിച്ചു.

വീടുകളിലെത്തി വോട്ടർമാരുടെ ലിംഗം, മാതൃഭാഷ, തെരഞ്ഞെടുപ്പ് ഐ.ഡി, ആധാർ എന്നീ വിവരങ്ങളാണ് സ്വകാര്യ സ്ഥാപനം ശേഖരിച്ചത്. ഇത് സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നും സുർജെവാല ആരോപിച്ചു.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് തട്ടിപ്പിന് ഇടനിലക്കാരനായിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും സുർജെവാല ആവശ്യപ്പെട്ടു.

സ്വകാര്യ സ്ഥാപനം ശേഖരിച്ച വിവരങ്ങൾ സർക്കാറിന്റെ ഗരുഡ ആപ്ലിക്കേഷനിലല്ല സൂക്ഷിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ ഡിജിറ്റൽ സമീക്ഷ എന്ന ആപ്ലിക്കേഷനിലാണ് വിവരങ്ങൾ ഉള്ള​ത്. ഈ സ്ഥാപനം നൂറുകണക്കിന് ബൂത്ത് ലെവൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. യഥാർഥത്തിൽ സർക്കാറാണ് ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് എന്നിരിക്കെയാണ് സ്വകാര്യ സ്ഥാപനം നിയമനം നടത്തിയത്. കൂടാതെ, ഈ ഉദ്യോഗസ്ഥർക്ക് സർക്കാർ ഉദ്യോഗസ്ഥരുടെതിന് സമാനമായ ഐ.ഡി കാർഡുകളും നൽകിയിട്ടുണ്ടെന്ന് സുർജെവാല ആരോപിച്ചു.

ബി.ബി.എം.പിയുടെ പേരിൽ സർവേ നടത്താൻ ആരാണ് സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയതെന്ന് ഞങ്ങൾക്കറിയണം. സ്വകാര്യ സ്ഥാപനത്തിന് ഇത്തരമൊരു കരാർ നൽകാൻ ആരാണ് സർക്കാറിനോട് ശിപാർശ ചെയ്തത്? കരാറുകാരന്റെ പൂർവ ചരിത്രം എന്തു​കൊണ്ട് പരിശോധിച്ചില്ല? - സുർജെവാല ചോദിച്ചു. 

Tags:    
News Summary - "Arrest Karnataka Chief Minister For Electoral Fraud": Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.