മാപ്പിൽ വഴങ്ങാതെ ജെയ്റ്റ്ലി; പുലിവാല് പിടിച്ച് കെജ് രിവാൾ

ന്യൂഡൽഹി: ദിവസങ്ങളായി പല നേതാക്കളോടും ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. എന്നാൽ ഈ മാപ്പപേക്ഷ  ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോട് മാത്രം ഫലം കണ്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. പല നേതാക്കൾക്കും എതിരെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ നേതാക്കൾ മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെ കെജ് രിവാൾ മാപ്പപേക്ഷിക്കാൻ നിർബന്ധിതനാവുകയായിരുന്നു. മാപ്പ് പറഞ്ഞതോടെ ഇവരിൽ പലരും കേസ് പിൻവലിക്കാനും തയാറായി. എന്നാൽ കെജ് രിവാളിനെതി 20 കോടി രൂപയുടെ മാനനഷ്ടക്കേസ് പിൻവലിക്കാൻ ജെയ്റ്റ്ലി തയാറല്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

കെജ് രിവാളിനു പുറമെ സഞ്ജയ് സിങ്, അശുതോഷ്, കുമാർ ബിശ്വാസ്, ദീപക് ബാജ്പേയ്, രാഘവ് ചന്ദ്ര എന്നിവർക്കെതിരെയും 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നിലവിലുണ്ട്.  ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്ന കാലത്ത് ജെയ്റ്റ്ലി അഴിമതി നടത്തി എന്നായിരുന്നു കെജ് രിവാൾ അടക്കമുള്ള എ.എ.പി നേതാക്കളുടെ ആരോപണം. 

ഇതിനുപുറമെ കഴിഞ്ഞ വർഷം കേസ് വിചാരണക്കിടെ കെജ് രിവാളിന്‍റെ അഭിഭാഷകനായ രാംജെത്മലാനി മോശം പരാമർശം നടത്തിയതിനെതിരെയാണ് പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് വീണ്ടും ഫയൽ ചെയ്തത്.  30 മാനനഷ്ടക്കേസുകളാണ് കെജ് രിവാളിനെതിരെ ഇപ്പോൾ ഉള്ളത്. 

കെജ് രിവാളിന്‍റെ മാപ്പപേക്ഷ നിരസിച്ചെങ്കിലും എല്ലാ നേതാക്കളും ഒരുമിച്ച് മാപ്പപേക്ഷിച്ചാൽ അവഗണിക്കില്ലെന്ന് ജെയ്റ്റ്ലിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ആം ആദ്മി പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ട് പലരോടും കെജ് രിവാൾ ക്ഷമാപണം നടത്തിക്കഴിഞ്ഞു. പഞ്ചാബ് അകാലിദൾ നേതാവ്  ബിക്രം മജീതിയ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാവ് കപിൽ സിബൽ, മകൻ അമിത് സിബൽ എന്നിവരോടാണ് കെജ് രിവാൾ ഇതുവരെ മാപ്പ് പറഞ്ഞത്. ഇതിൽ ക്ഷുഭിതരായ ചില എ.എ.പി നേതാക്കൾ പാർട്ടിയിൽ രാജിവെക്കുകയും ചെയ്തു. 

മാപ്പ് പറയുന്നതിലൂടെ നിയമപരമായി കെജ് രിവാൾ രക്ഷപ്പെട്ടിരിക്കാം. എന്നാൽ രാഷ്ട്രീയപരമായി ഇതിന് അദ്ദേഹം കൊടുക്കുന്ന വില വലുതായിരിക്കും എന്ന് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുല്ല ട്വിറ്ററിലൂടെ അറിയിച്ചു.
 

Tags:    
News Summary - For Arun Jaitley, "Sorry" From Arvind Kejriwal Alone Won't Help-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.