അഹമ്മദാബാദ്: ബി.ജെ.പിയിൽ തൃപ്തരല്ലാത്തവർ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് അഭ്യർഥിച്ച് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അഹമ്മദാബാദിലെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃത്തികെട്ട രാഷ്ട്രീയമോ അഴിമതിയോ നടത്താനല്ല ജനങ്ങളെ സഹായിക്കാനാണ് ഞങ്ങൾ വോട്ട് ചോദിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും എ.എ.പി സർക്കാരുകൾ അത് ഭംഗിയായി ചെയ്യുന്നുണ്ട്. നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ കോൺഗ്രസിന് നൽകി പാഴാക്കാതെ ബി.ജെ.പി ഭരണത്തിൽ തൃപ്തരല്ലാത്തവർ എ.എ.പിക്ക് വോട്ട് നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
'ഗുജറാത്തിലെ സാധാരണക്കാർ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവർ എ.എ.പിയുമായി കൈകോർക്കും. ഗുജറാത്തിൽ കോൺഗ്രസ് ഭാരവാഹികളോ സന്നദ്ധപ്രവർത്തകരോ ഇല്ല. എന്നാൽ ലക്ഷക്കണക്കിന് എ.എ.പി പ്രവർത്തകരുണ്ട്. ഒരു മാസത്തിനുള്ളിൽ ഞങ്ങൾ ബി.ജെ.പിയെക്കാളും വലുതാകും'-കെജ്‌രിവാൾ പറഞ്ഞു.
27 വർഷത്തെ ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്തെ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ജനങ്ങൾ ഇത്തവണ എ.എ.പിയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദയ്പൂർ കൊലപാതകത്തെയും യോഗത്തിൽ അദ്ദേഹം അപലപിച്ചു.
രാജ്യത്തിന് ഇത്തരത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സമാധാനവും ഐക്യവും നിവലനിർത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. 2022 ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.