എൽ.ജി ഭരണത്തിൽ ഇടപെടുന്നു; കെജ്രിവാളിന്റെ നേതൃത്വത്തിൽ ആപ്പ് എം.എൽ.എമാർ ഗവർണറുടെ വസതിയിലേക്ക് മാർച്ച് നടത്തി

ന്യൂഡൽഹി: ഭരണ നിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുന്ന ലഫ്റ്റനന്‍റ് ഗവർണർക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി ആം ആദ്മി പാർട്ടി. കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ലഫ്. ഗവർണർ വി.കെ. സക്സേനയുടെ വസതിയിലേക്കാണ് മാർച്ച് നടത്തിയത്. ‘സർക്കാർ സ്കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിന് അയക്കാൻ അനുവദിക്കൂ ഗവർണർ സാഹിബ്’ എന്നെഴുതിയ പ്ലക്കാർഡുമായിട്ടാണ് കെജ്രിവാളും പ്രതിഷേധത്തിന്‍റെ ഭാഗമായത്.

ഡൽഹിയിലെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറാണിത്. ഡൽഹിയിലെ നികുതിദായകരുടെ പണമാണ്. ഡൽഹിയുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. ലഫ്. ഗവർണർക്ക് അതിലെന്താണ് പ്രശ്നമെന്നും കെജ്രിവാൾ ചോദിച്ചു. എന്നാൽ, പദ്ധതി തള്ളിയിട്ടില്ലെന്നും ചെലവുചുരുക്കലിൽ വിശകലനം വേണമെന്ന് സംസ്ഥാന സർക്കാറിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ലഫ്. ഗവർണറുടെ ഓഫിസ് നൽകുന്ന വിശദീകരണം. പരിശീലനത്തിനായി ഫിൻലൻഡിലേക്ക് പോകാനുള്ള 30 അധ്യാപകരുടെ പുതിയ ഫയൽ ഒപ്പിടാതെ ലഫ്. ഗവർണർ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.

വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ അധ്യാപകരാണ് സംഭാവന ചെയ്യുന്നത് എന്നതിനാൽ അധ്യാപകരെ അത്തരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്തതിനാൽ ബി.ജെ.പിക്ക് ഇതറിയില്ലെന്നും കഴിഞ്ഞ ദിവസം സിസോദിയ പരിഹസിച്ചിരുന്നു.

Tags:    
News Summary - Arvind Kejriwal's March In Row With Centre Over Teachers' Finland Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.