ന്യൂഡൽഹി: 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ചീറ്റപ്പുലികൾ വീണ്ടുമെത്തിയിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ദിനത്തിൽ തുറന്നുവിട്ടു. ഒരുകാലത്ത് ഇന്ത്യയിലെ കാടുകളിലുണ്ടായിരുന്ന ചീറ്റപ്പുലികൾ എങ്ങനെയാണ് ഇല്ലാതായത്? ഇന്ത്യയിലെ ചീറ്റകൾക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചതെന്ന് വിവരിക്കുകയാണ് ഐ.എഫ് എസ് ഓഫിസറായ പ്രവീൺ കസ്വാൻ. ഇതുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളും ചിത്രങ്ങളും കസ്വാൻ പങ്കുവെച്ചിട്ടുണ്ട്.
ചീറ്റകൾ മനുഷ്യരെ അങ്ങനെ അക്രമിച്ചിരുന്നില്ലെന്നും ഇവയെ മെരുക്കി വേട്ടക്കായി ഉപയോഗിച്ചിരുന്നതായും ചരിത്ര രേഖകൾ പറയുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനെ തുടർന്ന് ഇവ 'വേട്ട പുള്ളിപ്പുലികൾ' എന്ന് അറിയപ്പെട്ടിരുന്നതായും ട്വീറ്റിൽ പറയുന്നു.
വ്യാപകമായി വേട്ടയാടൽ ചീറ്റകളെ വംശനാശത്തിലേക്ക് നയിക്കുകയായിരുന്നു. വേട്ടയാടൽ അവസാനിപ്പിക്കുന്നതിനായി 1972ലാണ് വന്യജീവി സംരക്ഷണ നിയമം ഇന്ത്യയിൽ പാസാക്കുന്നത്. എന്നാൽ അപ്പോഴേക്കും ഇന്ത്യയിലെ ചീറ്റകൾക്ക് വംശനാശം സംഭവിച്ചിരുന്നെന്നും കസ്വാൻ പറയുന്നു.
എട്ട് ചീറ്റപ്പുലികളെയാണ് നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനമാർഗം എത്തിച്ചത്. ചീറ്റപ്പുലികൾ വീണ്ടും ഇന്ത്യയിലെത്തുമ്പോൾ ചില ആശങ്കകൾ വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ചീറ്റപ്പുലികളെ പാർപ്പിച്ചിരുന്ന കുനോ ദേശീയോദ്യാനത്തിൽ ഇവക്ക് ഇരതേടുന്നതിനുള്ള സൗകര്യമില്ലെന്നും മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഏഷ്യൻ ചീറ്റയും ആഫ്രിക്കൻ ചീറ്റയും തമ്മിൽ ജനിതകമായ വ്യത്യാസങ്ങളുണ്ടെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.