ഭോപാൽ: മധ്യപ്രദേശിൽ ബി.ജെ.പി മന്ത്രിസഭയുടെ അമരക്കാരനായ ശിവരാജ് സിങ് ചൗഹാന് ഗസ്റ്റ് ഹൗസിൽനിന്ന് കൊതുകുകടിയേറ്റതിന് പണി കിട്ടിയത് എഞ്ചിനിയർക്ക്. ബസ് ദുരന്തത്തിൽ മരിച്ചവരെ കാണാൻ സിദ്ധി പട്ടണത്തിൽ എത്തിയ ചൗഹാൻ രാത്രി ഗസ്റ്റ് ഹൗസിൽ തങ്ങിയപ്പോഴാണ് വില്ലനായി കൊതുക് എത്തിയത്. കടിയേറ്റ് ഉറക്കം നഷ്ടപ്പെട്ട മുഖ്യമന്ത്രി അരിശപ്പെട്ട് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി കാരണം തേടുകയായിരുന്നു.
ചൗഹാൻ അന്തിയുറങ്ങുന്ന മുറിയിൽ കൊതുക് എത്തുന്നത് തടയാൻ നടപടി എടുക്കാത്തതിന് പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എഞ്ചിനിയർക്കാണ് റിവ ഡിവിഷനൽ കമീഷണർ രാജേഷ്കുമാർ ജെയ്ൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
എഞ്ചിനിയറെ സസ്പെൻഡ് ചെയ്തതായി വാർത്തയുണ്ടായിരുന്നുവെങ്കിലും അത്
ഡിവിഷനൽ കമീഷണർ നിഷേധിച്ചിട്ടുണ്ട്. നടപടി സ്വീകരിച്ച് അയച്ച കത്ത് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബംഗാംഗ കനാലിൽ ബസ് വീണ് നിരവധി പേർ മരിച്ച സംഭവത്തിൽ ബുധനാഴ്ചയാണ് മുഖ്യമന്ത്രി സന്ദർശനത്തിനെത്തിയത്. വീടുകളിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഗസ്റ്റ് ഹൗസിന്‍റെ ഒന്നാം നമ്പർ മുറിയിൽ തങ്ങുന്നത്.
മുഖ്യമന്ത്രി രാത്രി തങ്ങുന്ന വിവരം അറിയാത്തതു കൊണ്ടാണ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ പോയതെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.