'പെട്രോൾ വില വർധനക്ക് കാരണം താജ് മഹൽ'; ബി.ജെ.പിയെയും മോദിയെയും പരിഹസിച്ച് ഉവൈസി

ന്യൂഡൽഹി: ഷാജഹാൻ താജ് മഹൽ നിർമിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന്‍റെ വില 40 രൂപയാകുമായിരുന്നെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ചായിരുന്നു ഉവൈസിയുടെ പ്രസ്താവന.

രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും മുഗൾ ഭരണാധികളെയും മുസ്ലിംകളെയുമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തുന്നതെന്ന് പറഞ്ഞാണ് ഉവൈസിയുടെ പരിഹാസം. 'രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലാത്തവരാണ്, പണപ്പെരുപ്പം കുതിച്ചുയരുന്നു, ഡീസൽ ലിറ്ററിന് 102 രൂപക്കാണ് വിൽക്കുന്നത്, ഔറംഗസേബാണ് ഇതിനെല്ലാം ഉത്തരവാദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. തൊഴിലില്ലായ്മക്ക് അക്ബർ ചക്രവർത്തിയാണ് ഉത്തരവാദി. പെട്രോൾ ലിറ്ററിന് 104 രൂപക്ക് വിൽക്കുന്നു, 115 രൂപ, താജ്മഹൽ നിർമിച്ചയാളാണ് ഇതിനെല്ലാം ഉത്തരവാദി' -അസദുദ്ദീൻ ഉവൈസി പൊതുയോഗത്തിൽ പറഞ്ഞു.

'ഷാജഹാൻ താജ്മഹൽ നിർമിച്ചില്ലായിരുന്നെങ്കിൽ ഇന്ന് 40 രൂപക്ക് പെട്രോൾ വിൽക്കാമായിരുന്നു. താജ്മഹലും ചെങ്കോട്ടയും പണിതതിലൂടെ അദ്ദേഹത്തിന് തെറ്റ് പറ്റിയെന്ന് ഞാൻ അംഗീകരിക്കുന്നു. ആ പണം അദ്ദേഹം സ്വരൂപിച്ച് വെച്ച് 2014ൽ മോദിക്ക് കൈമാറണമായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികൾ മുഗളന്മാരും മുസ്ലിംകളുമാണെന്ന് അവർ പറയുന്നു' -ഉവൈസി കൂട്ടിച്ചേർത്തു. ഇതിന്‍റെ വിഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുഗളന്മാർ മാത്രമാണോ ഇന്ത്യ ഭരിച്ചത്? അശോക, ചന്ദ്രഗുപ്ത മൗര്യ തുടങ്ങിയവരൊന്നും ഇന്ത്യ ഭരിച്ചിട്ടില്ലെ? എന്നാൽ ബി.ജെ.പിക്ക് മുഗളന്മാരെ മാത്രമേ കാണാനാകൂ. അവർ ഒരു കണ്ണിൽ മുഗളന്മാരെയും മറുകണ്ണിൽ പാകിസ്താനെയുമാണ് കാണുന്നത്. രാജ്യത്തെ മുസ്ലിംകൾ മുഹമ്മദ് അലി ജിന്നയുടെ നിർദേശം നിരസിച്ചവരാണ്, ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം ആഘോഷിക്കും. തങ്ങളുടെ പൂർവികർ ജിന്നയുടെ നിർദേശം നിരസിച്ച് ഇന്ത്യയിൽ താമസിച്ചതിന് ഈ രാജ്യത്തെ 20 കോടി മുസ്ലിംകൾ സാക്ഷിയാണ്.

ഇന്ത്യ ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യമാണ്. ഞങ്ങൾ ഇന്ത്യ വിട്ടുപോകില്ല. ഞങ്ങൾ പോകണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ എത്ര മുദ്രാവാക്യങ്ങൾ ഉയർത്തുന്നതൊന്നും പ്രശ്നമല്ല. ഞങ്ങൾ ഇവിടെ ജീവിക്കും. ഇവിടെ മരിക്കും -ഉവൈസി പറഞ്ഞു.

Tags:    
News Summary - Asaduddin Owaisi Blames Taj Mahal For Petrol Price Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.