ഗുജറാത്ത് തെരഞ്ഞെടുപ്പ്: എ.ഐ.എം.ഐ.എമ്മിന്‍റെ ലക്ഷ്യം ബി.ജെ.പിക്കും കോൺഗ്രസിനും ബദൽ -അസദുദ്ദീൻ ഉവൈസി

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമാവാൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിക്കെതിരെ ഉവൈസിയുടെ എ.ഐ.എം.ഐഎമ്മും ഭാരതീയ ട്രൈബൽ പാർട്ടിയും(ബി.ടി.പി) യും നേരത്തേ സഖ്യമുണ്ടാക്കിയിരുന്നു.

ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോൺഗ്രസിനും ഫലപ്രദമായ ബദൽ നൽകുകയാണ് ലക്ഷ്യം, എ.ഐ.എം.ഐ.എം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 15 വാർഡുകളിലെങ്കിലും മത്സരിക്കും -ഉവൈസി പറഞ്ഞു.

പോളിംഗിന് മുന്നോടിയായി അഹമ്മദാബാദിലെയും ബറൂച്ചിലെയും റാലികളെ അഭിസംബോധന ചെയ്യാനും ഉവൈസി എത്തിയേക്കും. പാർട്ടി അംഗത്വ കാമ്പയിൻ ഇതിനകം ഗുജറാത്തിൽ ആരംഭിച്ചിട്ടുണ്ട്.

'മുസ്‌ലിംകൾ, ദലിതർ, ഗോത്രവർഗക്കാർ, ദരിദ്രർ, പിന്നാക്കക്കാർ എന്നിവരുടെ വികസനം ബി.ജെ.പി സർക്കാർ അവഗണിച്ചു. അതിന് അറുതി അത്യാവശ്യമാണ്. ഗുജറാത്തിലെ ജനങ്ങൾക്ക് വിവേചനമില്ലാതെ നേതൃത്വവും എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന ശക്തമായ ബദലും ആവശ്യമാണ്' എ.ഐ.ം.ഐ.എം സംസ്ഥാന സെക്രട്ടറി ജനറൽ ഹമീദ് ഭായ് ഭട്ടി പറഞ്ഞു.

ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി)യും എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യം സംബന്ധിച്ചുള്ള വിവരം ബി.ടി.പി അധ്യക്ഷൻ ഛോട്ടു വാസവ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്.

ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഫെബ്രുവരി 21നും, 81 മുനിസിപ്പാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231താലൂക്ക് പഞ്ചായത്തുകളിലേക്കും 28നും തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുനിസിപ്പൽ കോർപ്പറേഷനുകളുടെ വോട്ടെണ്ണൽ ഫെബ്രുവരി 23 മറ്റുള്ളവ മാർച്ച് 2നും നടക്കും. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട്, ജാംനഗർ, ഭാവ് നഗർ എന്നിവയാണ് ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ.

Tags:    
News Summary - Asaduddin Owaisi's AIMIM to contest Ahmedabad municipal election, ties up with BTP in Bharuch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.