ന്യൂഡൽഹി: റെയിൽവേയുടെ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിക്കിടെ തന്നെ ‘റീൽ മന്ത്രി’ എന്ന് വിളിച്ച രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എം.പി ഹനുമാൻ ബെനിവാളിനോട് കോപാകുലനായ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ പ്രതിപക്ഷ രോഷം. ‘നീ ഇരിക്ക്’ എന്നു പറഞ്ഞ് ബെനിവാളിനുനേരെ മന്ത്രി തിരിഞ്ഞതോടെ ഇൻഡ്യ എം.പിമാർ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. റീൽ ഉണ്ടാക്കുന്നവരല്ല തങ്ങളെന്നും പണിയെടുത്തു കാണിക്കുന്നവരാണെന്നും റെയിൽവേ മന്ത്രി പ്രതികരിച്ചു. ചൂടേറിയ ചർച്ചക്കും ഇൻഡ്യയുടെ ഇറങ്ങിപ്പോക്കിനുമൊടുവിൽ റെയിൽവേ മന്ത്രാലയത്തിന്റെ ധനാഭ്യർഥന ലോക്സഭ വ്യാഴാഴ്ച പാസാക്കി.
റെയിൽവേ സുരക്ഷയിൽ ഒന്നും ചെയ്യാത്ത മന്ത്രി പ്രതിപക്ഷ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയി കുറ്റപ്പെടുത്തി. കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്ത് ട്രെയിനപകടങ്ങൾ ഏറിവന്നിട്ടും അതിന്റെ ഉത്തരവാദിത്തമേൽക്കാത്ത അശ്വിനി വൈഷ്ണവ് ‘ഡീറെയിൽ’ മന്ത്രിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തന്റെ കാലത്തുണ്ടായ ട്രെയിൻ അപകടങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കുന്നതിന് പകരം റെയിൽവേ അപകടങ്ങളുടെ ചരിത്രം പറയുകയാണ് മന്ത്രിയെന്ന് ഗോഗോയി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് ചരക്കുവണ്ടികൾ പാളം തെറ്റി നാലുപേർ മരിച്ചു. ജൂണിൽ കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തിൽ 10 പേർ മരിച്ചു. ഇതിന്റെയൊന്നും ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുന്നില്ല. 2023ൽ ഒഡിഷയിൽ 300 പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഗോഗോയി ചോദിച്ചു. കൊടിക്കുന്നിൽ സുരേഷ്, മണിക്കം ടാഗോർ തുടങ്ങിയവരും മന്ത്രിയുടെ പെരുമാറ്റം ചോദ്യംചെയ്തു.
യു.പി.എ കാലഘട്ടത്തിൽ വർഷം തോറും 171 ട്രെയിൻ അപകടങ്ങളുണ്ടായിരുന്നുവെന്നും എൻ.ഡി.എ കാലത്ത് ഇതിൽ 68 ശതമാനം കുറവ് വന്നുവെന്നുമായിരുന്നു അശ്വനി വൈഷ്ണവിന്റെ മറുപടി. യു.പി.എയുടെ 10 വർഷം 4,12,000 പേരെ നിയമിച്ച സ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മോദി സർക്കാർ 5,02,000 പേരെ നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.