ഗുവാഹത്തി: കഴിഞ്ഞതവണ അധികാരത്തിലേറാൻ സഹായിച്ച ജാതി, മാതി, ബേട്ടി (സ്വത്വം, ഭൂമി, ജന്മഭൂമി) എന്ന മുദ്രാവാക്യം പരിഷ്കരിച്ച് അസം ബി.ജെ.പി. ദേശീയത ഉയർത്തിപ്പിടിക്കുന്ന പാർട്ടി പ്രാദേശിക വാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആക്ഷേപം മറികടക്കാനാണ് സുരഖ, സഭ്യത, ബികാഷ് (സുരക്ഷ, സംസ്കാരം, വികസനം) എന്ന് മാറ്റിയത്. പൗരത്വവും കുടിയേറ്റവും പതിറ്റാണ്ടുകളായി നീറുന്ന വിഷയങ്ങളായ സംസ്ഥാനത്ത് ജനങ്ങളെ വർഗീയമായും വംശീയമായും നെടുകെപിളർക്കുന്ന പ്രചാരണത്തിനാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്.
അസമീസ് സംസ്കാരത്തിന് അതിർത്തികൾക്കപ്പുറത്തുനിന്ന് ഭീഷണി നേരിടുന്നതുപോലെ ഇന്ത്യൻ സംസ്കാരവും കടുത്ത ഭീഷണി നേരിടുന്നതിനാലാണ് പ്രചാരണ വാക്യത്തിൽ മാറ്റംവരുത്തിയതെന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മുഖ്യ ആസൂത്രകൻ ഹിമന്ത ബിസ്വ ശർമ വ്യക്തമാക്കുന്നു. അയൽ രാജ്യങ്ങളിൽനിന്നെത്തിയ ഹിന്ദുക്കൾക്ക് പൗരത്വനിയമ ഭേദഗതിവഴി ഇന്ത്യൻ പൗരത്വം നൽകുമെന്നത് ഉയർത്തിക്കാണിക്കുവാനും ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പുവരെ ഭരണത്തുടർച്ച അനായാസമായി നേടിയെടുക്കാനാകുമെന്ന് വിശ്വസിച്ചിരുന്ന ബി.ജെ.പിക്ക് കോൺഗ്രസ്-എ.യു.ഡി.എഫ് സഖ്യം ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് വ്യക്തമായതോടെയാണ് പ്രചാരണ രീതിയിലെ മാറ്റം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് തുടങ്ങിയവർ സംസ്ഥാനത്തിെൻറ മുക്കുമൂലകളിലിറങ്ങിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
സ്വന്തം അവകാശവാദങ്ങളേക്കാളേറെ എ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മലിനെയും അദ്ദേഹവുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസിനെയും കടന്നാക്രമിക്കുന്ന പ്രചാരണമാണ് ബി.ജെ.പി പാളയം അഴിച്ചുവിടുന്നത്. അസമിെൻറ ശത്രുവായ അജ്മലുമായി ചേരുകവഴി തെരഞ്ഞെടുപ്പിനെ സംസ്കാരങ്ങളുടെ സംഘട്ടനമാക്കി മാറ്റിയതായി ശർമ ആരോപിക്കുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവരുമായി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് മുഖ്യമന്ത്രി സബ്രാനന്ദ സോനോവാളും കുറ്റപ്പെടുത്തിയിരുന്നു. ഒരുഘട്ടത്തിൽ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിെൻറ മേൽനോട്ടത്തിൽ ചിട്ടയായ ബൂത്തുതല പ്രവർത്തനങ്ങൾ നടത്തി മുന്നേറിയ കോൺഗ്രസിന് പിന്നീട് ആ മേൽക്കൈ വേണ്ടത്ര നിലനിർത്താനായില്ല. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി ഒഴുക്കുന്ന ഫണ്ടിനു മുന്നിൽ പിടിച്ചുനിൽക്കാനാവുന്നില്ല എന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.