ന്യൂഡൽഹി: ഇസ്രായേൽ നരവേട്ടയിൽ ഗസ്സയെ പിന്തുണവർക്ക് ഫലസ്തീനിലേക്ക് പോയി ഹമാസിനൊപ്പം പോരാടാമെന്ന് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. രേഖകൾ ശരിയാക്കി നൽകിയാലും അവർ പോകില്ലെന്നും സുരക്ഷിതമായ സ്ഥലം ഇവിടെയാണെന്ന് അവർ മനസിലാക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.
ചാർമിനാർ സിറ്റിയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ഹമാസിനെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഗസ്സയെ പിന്തുണവർക്ക് ഹമാസിനൊപ്പം പോകാം. ഹമാസിനൊപ്പം നിന്ന് ഗസ്സക്ക് വേണ്ടി പോരാടാം. രേഖകൾ തയ്യാറാക്കി നൽകാൻ സർക്കാർ തയ്യാറാണ്. രേഖകൾ ലഭിച്ചാലും അവർ പോകില്ല കാരണം ഹൈദരാബാദ് ആണ് സുരക്ഷിതമായ സ്ഥലമെന്ന് അവർക്ക് അറിയാം"- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
കഴിഞ്ഞ ദിവസം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവം അസമിലായിരുന്നുവെങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് തീർപ്പാക്കിയേനേയെന്നും പ്രീണന രാഷ്ട്രീയം നിലനിൽക്കുന്നതിനാൽ കോൺഗ്രസോ ബി.ആർ.എസോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ തെരഞ്ഞെടുപ്പ് പ്രചരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അക്ബറുദ്ദീൻ ഉവൈസി പൊലീസിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. തനിക്ക് സംസാരിക്കാൻ അഞ്ച് മിനിറ്റ് സമയം ബാക്കിയുണ്ടെന്നും അത് പൂർത്തിയാക്കുമെന്നും പറഞ്ഞ അദ്ദേഹം താൻ സിഗ്നൽ നൽകിയാൽ അനുയായികൾ ഇൻസ്പെക്ടറെ സ്ഥലത്ത് നിന്നും ഓടിക്കുമെന്നും കൂട്ടിച്ചേർത്തു.
ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ നിന്നാണ് അക്ബറുദ്ദീൻ മത്സരിക്കുന്നത്. 2014ലും 2018ലും പാർട്ടി വിജയിച്ചതോടെ ഈ സീറ്റ് എ.ഐ.എം.ഐ.എമ്മിന്റെ ശക്തികേന്ദ്രമാണ്. നവംബർ 30ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.