ന്യൂഡൽഹി: ഖലിസ്താൻ വിഘടനവാദി നേതാവും അമേരിക്കൻ പൗരനുമായ ഗുർപന്ത് വന്ത് സിങ് പന്നുനിനെ വധിക്കാനുള്ള ശ്രമത്തിൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായ നിഖിൽ ഗുപ്തയെ വിട്ടുകിട്ടാൻ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. മറ്റൊരു രാജ്യത്ത് നടന്ന അറസ്റ്റിനെതിരെയുള്ള ഹരജി ഇന്ത്യൻ കോടതിയിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഈ ആവശ്യവുമായി പ്രാഗിലെ കോടതിയെ സമീപിക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടു.
പ്രാഗിൽ പിടിയിലായ നിഖിലിനെ ചെക്കോസ്ലാവാക്യ അമേരിക്കക്ക് കൈമാറാനിരിക്കെയാണ് ഇന്ത്യൻ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കുടുംബം ഹേബിയസ് കോർപസ് ഹരജിയുമായി സമീപിച്ചത്.
വിദേശരാജ്യത്തുള്ള ഏതൊരു ഇന്ത്യൻ പൗരനെയും പോലെ നിഖിലിനും കേന്ദ്ര വിദേശ മന്ത്രാലയത്തിൽനിന്ന് സഹായം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് നിഖിലിന്റെ അഭിഭാഷകൻ ആര്യാമ സുന്ദരം ബോധിപ്പിച്ചതിനെതുടർന്ന് സുപ്രീംകോടതി നോട്ടീസ് അയച്ച് ഹരജി പരിഗണിക്കാനായി നാലിലേക്ക് മാറ്റി. കേസിന്റെ വൈകാരിക സ്വഭാവം പരിഗണിച്ച് അടച്ചിട്ട കോടതിയിൽ കേട്ടാൽ മതിയെന്നുമുള്ള അഭിഭാഷകന്റെ ആവശ്യം നാലിന് കേസ് എടുക്കുമ്പോൾ പരിശോധിക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
അമേരിക്കൻ പൗരനായ ഖലിസ്താൻ വിഘടനവാദി നേതാവ് പന്നുനിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ചേർന്ന് നിഖിൽ ഗുപ്ത ഗൂഢാലോചന നടത്തിയെന്നും ആ നീക്കം തങ്ങൾ തകർത്തുവെന്നും അമേരിക്കൻ ജസ്റ്റിസ് വകുപ്പ് നവംബർ 29ന് അവകാശപ്പെട്ടിരുന്നു. അമേരിക്കയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമാണ് 2023 ജൂൺ 30ന് അമേരിക്ക ആവശ്യപ്പെട്ടത് പ്രകാരം നിഖിലിനെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കിയിരിക്കുന്നത്. അതേസമയം പ്രാഗ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിഖിലിനെ അമേരിക്കൻ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത് കറുത്ത എസ്.യു.വി കാറിൽ കയറ്റുകയായിരുന്നെന്നാണ് ഹരജിയിലുള്ളത്. തടങ്കലിലാക്കി 20 ദിവസത്തിന് ശേഷമാണ് പ്രാഗിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അനുവദിച്ചത്.
ചെക്ക് റിപ്പബ്ലിക് നിഖിൽ ഗുപ്തയെ നിയമവിരുദ്ധമായി ഏകാന്ത തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ജീവൻ അപകടത്തിലാണെന്നും ഹരജിയിൽ ബോധിപ്പിച്ചു.
നിഖിലിന്റെ മതപരമായ അവകാശങ്ങൾ ഹനിച്ചുവെന്നും സസ്യാഹാരിയാണെന്ന് പറഞ്ഞിട്ടും ഗോമാംസം തീറ്റിച്ചെന്നും ഹരജി ആരോപിക്കുന്നു. കുടുംബത്തെ ഇനിയൊരിക്കലും കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരജിയിലുണ്ട്. ഇത്തരമൊരു വിഷയത്തിൽ നിഖിലിനെ വെറുതെ വലിച്ചിഴച്ചതാണെന്നും അമേരിക്കക്ക് അറസ്റ്റ് ചെയ്യാനായി ചെക്ക് റിപ്പബ്ലിക് അയാളെ നാടുകടത്താനിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. അതിനാൽ നിഖിലിനെ അമേരിക്കക്ക് കൈമാറുന്നത് തടയാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്ന് ആര്യാമ സുന്ദരം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.