ന്യൂഡൽഹി: ലോക്സഭ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറുമായുള്ള പോരിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിന്തുണയുമായി പഞ്ചാബ് സർക്കാറും. വിജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറക്കാനും വിജയം ഉറപ്പുള്ളിടത്ത് സീറ്റുകൾ വർധിപ്പിക്കാനും ബി.ജെ.പി വൃത്തികെട്ട കളി കളിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ കുറ്റപ്പെടുത്തി.
സ്റ്റാലിനുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം രണ്ട് മന്ത്രിമാരെ പഞ്ചാബിലേക്ക് അയക്കുമെന്ന് അറിയിച്ചെന്നും ഭഗവന്ത് മൻ വ്യക്തമാക്കി. മണ്ഡല പുനർനിർണയ വിഷയത്തിൽ മാർച്ച് 22ന് ചെന്നൈയിൽ നടത്തുന്ന സമ്മേളനത്തിലേക്ക് ക്ഷണിച്ച് ബി.ജെ.പിയിതര സംസ്ഥാനങ്ങൾക്ക് അടുത്തിടെ സ്റ്റാലിൻ കത്തയച്ചിരുന്നു. വിഷയത്തിൽ കേരള, കർണാടക, തെലങ്കാന മുഖ്യമന്ത്രിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബും അനുകൂലമായി രംഗത്തുവരുന്നത്.
‘ജനസംഖ്യാ നയത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്താൽ, അത് പഞ്ചാബിനെ ബാധിക്കും. പഞ്ചാബിൽ ഒന്നോ രണ്ടോ സീറ്റുകൾ വർധിക്കുമായിരിക്കും. പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ വർധിക്കുന്ന അതേ അനുപാതത്തിലായിരിക്കില്ല. രാജ്യത്തുടനീളം ജനസംഖ്യ നിയന്ത്രിക്കുകയും കുടുംബങ്ങളുടെ വലുപ്പം ചെറുതായി നിലനിർത്തുകയും ചെയ്യുക എന്ന നയം കേന്ദ്രത്തിനുണ്ടെങ്കിലും, മറുവശത്ത് ഈ നയം പാലിക്കാത്ത സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് വിരോധാഭാസമാണ്. മാനദണ്ഡം മാറ്റണം. മാനദണ്ഡം എല്ലാ സംസ്ഥാനങ്ങൾക്കും സ്വീകാര്യമായിരിക്കണം. എല്ലാവർക്കും സ്വീകാര്യമായ ഫോർമുല കേന്ദ്രം തയാറാക്കണം’ - പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളെയും പഞ്ചാബിനെയുമാണ് കൂടുതൽ ബാധിക്കുക. നിലവിലെ സീറ്റ് നിലനിർത്തി പുനർനിർണയ നടപടികൾ മരവിപ്പിക്കണമെന്നാണ് പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.