ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആറ് തൃണമൂൽ കോൺഗ്രസ് എം.പിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ സന്ദർശിച്ചു. ഡെറക് ഒബ്രിയൻ, സൗഗത റോയ്, കക്കോലി ഘോഷ് ദസ്തിദാർ, ശതാബ്ദി റോയ്, പ്രതിമ മൊണ്ടാൽ, ശാന്തനു സെൻ എന്നിവരാണ് ഡൽഹി നിർവചൻ സദസ്സിലെത്തി ഉദ്യോഗസ്ഥരെ സന്ദർശിച്ചത്.
മമതയെ വകവരുത്താനുള്ള ഗൂഡാലോചനയാണ് നന്ദിഗ്രാമിൽ നടന്നതെന്ന് ആരോപിച്ച നേതാക്കൾ, അക്രമം അഴിച്ചുവിടാൻ ബിജെപി അയൽ സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹിക വിരുദ്ധരെ നന്ദിഗ്രാമിൽ എത്തിച്ചതായും പറഞ്ഞു. വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനാൽ പശ്ചിമ ബംഗാളിലെ ക്രമസമാധാന പാലന ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സംഭവത്തിൽ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കമീഷന് ഒഴുഞ്ഞുമാറാനാവില്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച നന്ദിഗ്രാമിൽ പ്രചാരണത്തിനിടെയാണ് മമതക്ക് നേരെ കൈയ്യേറ്റ ശ്രമം നടന്നത്. രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ബാനർജിക്ക് നേരെ നടന്ന അക്രമത്തിൽ എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുകയാണെന്ന് തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജി പറഞ്ഞു. പാർട്ടിയുടെ പ്രതിനിധി സംഘം വ്യാഴാഴ്ച കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.