പത്താൻകോട്ട്: ക്രിക്കറ്റ്താരം സുരേഷ് റെയ്‌നയുടെ അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ അന്തർ സംസ്ഥാന കൊള്ളസംഘത്തിൽ പെട്ട മൂന്നുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ സവാൻ, മൊഹബത്ത്, ഷാരൂഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ പതിനൊന്നുപേരെ കൂടി പിടികൂടാനുണ്ടെന്നും പഞ്ചാബ് ഡി.ജി.പി ദിനകർ ഗുപ്ത അറിയിച്ചു.
ആഗസ്റ്റ് 19ന് പത്താൻകോട്ട് ജില്ലയിലെ ഷാഹ്പുർകണ്ഡിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറി കൊള്ളസംഘം നടത്തിയ ആക്രമണത്തിൽ റെയ്‌നയുടെ മാതൃസഹോദരൻ അശോക് കുമാറും (58) മകൻ കൗശലും കൊല്ലപ്പെട്ടിരുന്നു.
അശോക് കുമാറിെൻറ അമ്മ സത്യദേവി, ഭാര്യ ആശാദേവി, മകൻ അപൻ എന്നിവർക്ക് ഗുരുതമായി പരിക്കേറ്റിരുന്നു. അക്രമി സംഘം വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു. പരിക്കേറ്റ ആശാദേവിയുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ നിന്നും അശോക് കുമാറിെൻറ വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളിൽ ചിലതും പണവും പിടിച്ചെടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനായി ദുബായിലെത്തിയ സുരേഷ് റെയ്‌ന ബന്ധുക്കളുടെ വിയോഗമറിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.