ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രി ദേവിലാലിെൻറ ജന്മവാർഷികം പശ്ചാത്തലമാക്കി പഴയ സോഷ്യലിസ്റ്റ്, ജനത നേതാക്കൾ ഈ മാസം 25ന് ഒത്തുചേരുന്നു. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ്, ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ്കുമാർ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവ് ഓംപ്രകാശ് ചൗതാല എന്നിവരാണ് ഒരു വേദിയിൽ വരുന്നത്.
മൂന്നാം മുന്നണി ചിന്തകൾ സജീവമാക്കുന്ന ഈ നേതാക്കളുടെ ഒത്തുചേരൽ ദേവിലാലിെൻറ മകനും 86കാരനുമായ ഓംപ്രകാശ് ചൗതാലയാണ് സംഘടിപ്പിക്കുന്നത്. എൻ.സി.പി നേതാവ് ശരത്പവാർ, തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഹരിയാനയിലെ ജീൻഡിലാണ് ഈ രാഷ്ട്രീയസമ്മേളനം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരെ പങ്കെടുപ്പിക്കും.
ബി.ജെ.പി ഇതര, കോൺഗ്രസിതര ചിന്താഗതിയുള്ള നേതാക്കളെ ഒന്നിച്ചുകൊണ്ടുവരാനും കർഷകപ്രക്ഷോഭം അടക്കം ജനകീയവിഷയങ്ങൾ യോഗത്തിൽ ഉയർത്താനുമാണ് ഉദ്ദേശിക്കുന്നത്. ജനങ്ങൾ ബി.െജ.പിക്കും കോൺഗ്രസിനും ബദൽ തേടുന്നുണ്ടെന്നും മൂന്നാം മുന്നണി രൂപവത്കരണമാണ് ലക്ഷ്യമെന്നും ചൗതാല വിശദീകരിച്ചു. ദേവഗൗഡയേയും മുലായത്തെയും ഓംപ്രകാശ് ചൗതാല നേരിട്ടുകണ്ട് ക്ഷണിക്കുകയായിരുന്നു.
അധ്യാപക നിയമന അഴിമതിക്കേസിൽ കുടുങ്ങിയ ഓംപ്രകാശ് ചൗതാല 10 വർഷത്തെ തടവുശിക്ഷക്കുശേഷം ജൂലൈ രണ്ടിനാണ് തിഹാർ ജയിലിൽനിന്ന് ഇറങ്ങിയത്. ദേശീയതലത്തിൽ മൂന്നാം മുന്നണി രൂപപ്പെടുത്താൻ കൂടുതൽ പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് ചൗതാല പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് രാഹുൽ ഗാന്ധിയും മമത ബാനർജിയും ശരത് പവാറും ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മൂന്നാം മുന്നണി ലക്ഷ്യവുമായി ചൗതാല കളത്തിൽ ഇറങ്ങിയിരിക്കുന്നത്. യു.പി തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയരംഗം ചൂടുപിടിക്കുകയുമാണ്.
അധികാരത്തിലെത്താൻ ദലിത്-ബ്രാഹ്മണ െഎക്യവുമായി മായാവതി
ലഖ്നോ: ഉത്തർപ്രദേശിൽ അധികാരത്തിലെത്താൻ വീണ്ടും 'ദലിത് -ബ്രാഹ്മണ െഎക്യ' ആഹ്വാനവുമായി ബഹുജൻ സമാജ് പാർട്ടി പ്രസിഡൻറ് മായാവതി. ഉയർന്ന ജാതിക്കാരായ ബ്രാഹ്മണരിലേക്ക് പാർട്ടിയെ എത്തിക്കാനായി നടത്തിയ മാസംനീണ്ട 'പ്രബുദ്ധ് വർഗ് സമ്മേളൻ' കാമ്പയിെൻറ സമാപനത്തിലാണ് മായാവതി പഴയ തന്ത്രം വീണ്ടും പുറത്തെടുത്തത്.
വോട്ടുനേടാൻ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകി വഞ്ചിക്കുകയായിരുന്നുവെന്നും 'വാക്കും പ്രവൃത്തിയും' എന്നതാണ് ബി.എസ്.പിയുടെ മുദ്രാവാക്യമെന്നും മായാവതി പറഞ്ഞു. 2007 മുതൽ അഞ്ചുവർഷം ഉത്തർപ്രദേശ് ബി.എസ്.പി ഭരിച്ചപ്പോൾ ദലിതരും ബ്രാഹ്മണരും സുരക്ഷിതരായിരുന്നു. കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്താണ് മീറത്തിലും മുസഫർപൂരിലും കലാപമുണ്ടായത്. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ കോൺഗ്രസ് പരാജയമായിരുന്നു.
തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബ്രാഹ്ണർക്ക് നൽകും. കർഷക സമരത്തെ പിന്തുണച്ച മായാവതി, അധികാരത്തിൽ വന്നാൽ വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.