ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം നീളും. തുരങ്കം തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് പൈപ്പിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയേറ്റു. തുരക്കുന്ന ഓഗർ മെഷീന്‍റെ ബ്ലേഡുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തകർന്നതോടെയാണിത്. പുറത്തെടുക്കാനാകാത്ത വിധം ബ്ലേഡുകൾ കുടുങ്ങി. ഇതോടെ, മുകളിൽ നിന്ന് താഴേക്ക് തുരക്കുന്നതുൾപ്പെടെയുള്ള മറ്റ് മാർഗങ്ങളും അധികൃതരുടെ പരിഗണനയിലാണ്. യന്ത്രസഹായമില്ലാതെ തന്നെ തുരക്കൽ പൂർത്തിയാക്കലും പരിഗണനയിലുണ്ട്.
ഓഗർ മെഷീൻ തകർന്നതായും ഇനി തുരക്കാനാവില്ലെന്നും രക്ഷാപ്രവർത്തനത്തിനായി എത്തിച്ച അന്താരാഷ്ട്ര വിദഗ്ധൻ ആർനോൾഡ് ഡിക്സ് പറഞ്ഞു. നിലവിൽ തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. ഓഗർ യന്ത്രം തകർന്നു. ഇനി തുരക്കാനാവില്ല. മറ്റ് മാർഗങ്ങളും തേടും -അദ്ദേഹം പറഞ്ഞു.
തുരങ്കമിടിഞ്ഞ് മണ്ണും കല്ലും കോൺക്രീറ്റും ഇരുമ്പുകമ്പികളും ഗർഡറും കൂടിക്കുഴഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങളിലൂടെ 60 മീറ്റർ തുരന്നാണ് തൊഴിലാളികൾക്കടുത്തേക്ക് വ്യാസമേറിയ പൈപ്പ് സ്ഥാപിക്കേണ്ടിയിരുന്നത്. ആറ് മീറ്ററിന്റെ ഒമ്പത് കുഴലുകൾ ഇതിനകം കയറ്റാനായിട്ടുണ്ട്. പത്താമത്തെയും പതിനൊന്നാമത്തെയും കുഴൽ കൂടി കയറ്റിയ ശേഷമേ തൊഴിലാളികളെ അത് വഴി പുറത്തു കടത്താനാവൂ.
തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെടുന്നതിന് ടെലഫോൺ കണക്ഷൻ എത്തിച്ചുനൽകാനുള്ള നീക്കത്തിലാണ്. കുടുംബാംഗങ്ങളും അധികൃതരുമായി സംസാരിക്കാനും തൊഴിലാളികൾക്ക് മാനസികമായി കരുത്തേകാനുമാണ് ഈ നീക്കം.
മലമുകളിൽ നിന്ന് താഴേക്ക് തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കുത്തനെ താഴോട്ട് ലംബമായി മല തുരക്കാനുള്ള റിഗ് മെഷീൻ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ. ഒ) സിൽക്യാര മലമുകളിലേക്ക് കയറ്റി. മുകളിൽ നിന്ന് 86 മീറ്റർ തുരന്ന് വേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്കെത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.