ന്യൂഡൽഹി: പത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു സമ്പ്രദായമാണ്. ഈ പരിപാടി അവസാനിപ്പിക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കർശന നിർദേശം. ഭക്ഷണ സാധനങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അവസാനിപ്പിക്കണമെന്നാണ് എഫ്.എസ്.എസ്.എ.ഐ. നിർദേശം നൽകിയിരിക്കുന്നത്.
ന്യൂസ്പേപ്പറിലെ മഷിയിൽ മാരകമായ രാസവസ്തുക്കളുണ്ട്. ഭക്ഷണസാധനങ്ങൾ പൊതിയുമ്പോൾ ഈ മഷി അതിൽ കലരുന്നതുവഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ ജി. കമല വർധന റാവു ചൂണ്ടിക്കാട്ടി.
പത്രത്തിൽ ഉപയോഗിക്കുന്ന മഷിയിൽ അപകടകരമായ ബയോ ആക്റ്റീവ് നിറമുള്ള പിഗ്മെന്റുകളും ഘടകങ്ങളും ശ്വാസകോശം, ദഹനനാളം, മൂത്രാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്ന ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ, നാഫ്തൈലാമിൻ തുടങ്ങിയ രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. അതിനാൽ പേപ്പർ പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി ശരീരത്തിലെത്തുന്നത് സുരക്ഷിതമല്ല. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ലെഡ്, കാഡ്മിയം, ഗ്രാഫൈറ്റ് എന്നിവ മഷിയിൽ അടങ്ങിയിട്ടുണ്ട്.
2018ൽ പത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞുനൽകുന്നത് എഫ്.എസ്.എസ്.എ.ഐ നിരോധിച്ചതാണ്. അതുപോലെ പക്കാവട, സമൂസ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ എണ്ണ ഒപ്പിയെടുക്കാനും പത്രങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.