ലക്നോ: 27 മാസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷം സമാജ്‍വാദി പാർട്ടി നേതാവ് അഅ്സംഖാൻ പുറത്തിറങ്ങി. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതി പ്രത്യേക അധികാരമുപയോഗിച്ചാണ് ഇടക്കാല ജാമ്യം നൽകിയത്. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു, ജസ്റ്റിസ് ബി.ആർ ഗവി, ജസ്റ്റിസ് എസ്. ഗോപന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
സമാജ് വാദി പാർട്ടി ലോഹിയ അധ്യക്ഷൻ ശിവ് പാൽ യാദവും അഅ്സംഖാന്റെ മകൻ അബ്ദുല്ല അഅ്സമും അഅ്സംഖാനെ സ്വീകരിക്കാൻ സീതാപുർ ജയിലിലെത്തി. എന്നാൽ അഖിലേഷ് യാദവും മറ്റ് പ്രധാന എസ്.പി നേതാക്കളും എത്തിയില്ല. അതേസമയം എസ്.പിയുടെ പ്രാദേശിക നേതാക്കൾ ജയിലിലെത്തി.
അഖിലേഷ് ജയിലിൽ എത്തിയില്ലെങ്കിലും അഅ്സംഖാന് ജാമ്യം ലഭിച്ചത് സംബന്ധിച്ച്, നുണകൾക്ക് ആയുസ് നൂറ്റാണ്ടുകളല്ല, നിമിഷങ്ങൾ മാത്രം എന്ന് ട്വീറ്റ് ചെയ്തു.
തന്റെ പിതാവ് ജയിലിൽ നിന്ന് പുറത്തു വരുന്നത് പുതിയ സൂര്യനെപ്പോലെയാണ്. ഈ പുതിയ പ്രഭാതത്തിന്റെ കിരണങ്ങൾ, എല്ലാത്തരം അടിച്ചമർത്തലുകളുടെയും അന്ധകാരത്തെ ഇല്ലാതാക്കുമെന്ന് അഅ്സംഖാന്റെ മകൻ അബ്ദുല്ല അഅ്സം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.