മുംബൈ: ലോറൻസ് ബിഷ്നോയിയുടെ അധോലോക ഗുണ്ടാസംഘം ബാബ സിദ്ദിഖിയുടെ മകനും എം.എൽ.എയുമായ സീഷാൻ സിദ്ദിഖിയെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. ഇരട്ടക്കൊലപാതകം നടത്താനാണ് സംഘം ക്വട്ടേഷൻ നൽകിയത്. ബിഷ്‍ണോയി സംഘം തന്നെയാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിനെയും മകനെയും വധിക്കണമെന്നായിരുന്നു തങ്ങൾക്ക് ലഭിച്ച നിർദേശമെന്ന് വെടിവെപ്പു സംഘം പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ബാബ സിദ്ദിഖിയും സീഷാനും ഒരേ സ്ഥലത്തുണ്ടാകുമെന്നും കൊലപാതകികൾക്ക് വിവരം ലഭിച്ചിരുന്നു. രണ്ടുപേരെ ഒരുമിച്ച് കൊലപ്പെടുത്താൻ അവസരം ലഭിച്ചുവെങ്കിലും ആദ്യം കാണുന്നയാളെ കൊലപ്പെടുത്താനാണ് നിർദേശം ലഭിച്ചതെന്നും കൊലയാളി സംഘം പറഞ്ഞു.
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം സുരക്ഷാജീവനക്കാരന് മേല്‍ മുളകുപൊടിയെറിഞ്ഞാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതില്‍ രണ്ട് പേരെ പിടികൂടി. രണ്ടു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഗുര്‍മാലി ബാല്‍ജിത്ത് സിങ്, ധര്‍മരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. ഷൂട്ടര്‍ ശിവകുമാര്‍ ഗൗതമിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
ബാന്ധ്ര ഈസ്റ്റിലെ കോൺഗ്രസ് എം.എൽ.എയായ സീഷാനെ മാസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 66കാരനായ ബാബ സിദ്ദീഖിക്ക് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്.
വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.