ന്യൂഡൽഹി: അയോധ്യ ബാബരി മസ്ജിദ് ഭൂമി കേസിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യ സ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കോടതി രജിസ്ട്രി മുമ്പാകെ മേയ് ആറി നാണ് സീൽചെയ്ത കവറിൽ റിപ്പോർട്ട് നൽകിയത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് റിപ്പേ ാർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
അതേസമയം, ബാബരി മസ്ജിദ് ഭൂ മി കേസിൽ വെള്ളിയാഴ്ച സുപ്രീംകോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്െഡ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഭൂമി തർക്കത്തിൽ സമവായ സാധ്യത തേടി മാർച്ച് എട്ടിനാണ് സുപ്രീംകോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എഫ്.എം.ഐ. കലീഫുല്ല ചെയർമാനായ സമിതിയിൽ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും മധ്യസ്ഥ വിദഗ്ധനുമായ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങൾ.
തർക്കഭൂമിയുള്ള ഫൈസാബാദിൽ ഒരാഴ്ചക്കകം മധ്യസ്ഥ നടപടികൾ ആരംഭിക്കണമെന്നും രഹസ്യസ്വഭാവത്തിൽ നടത്തുന്ന പ്രക്രിയയുടെ പുരോഗതി നാലാഴ്ചക്കകം അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. മധ്യസ്ഥ നീക്കങ്ങൾക്ക് എട്ടാഴ്ചയാണ് സമയം അനുവദിച്ചത്. മാർച്ച് എട്ടിനുശേഷം ഇതാദ്യമായാണ് അയോധ്യ ഭൂമി തർക്കകേസ് കോടതി പരിഗണിക്കുന്നത്.
മധ്യസ്ഥ നടപടികൾക്ക് പ്രയാസം അനുഭവപ്പെടുന്നുവെങ്കിൽ സമിതി ചെയർമാൻ ജസ്റ്റിസ് കലീഫുല്ല അക്കാര്യം സുപ്രീംകോടതി രജിസ്ട്രിയെ അറിയിക്കണമെന്നും മധ്യസ്ഥതക്ക് ആവശ്യമായ സ്ഥലം, താമസ സൗകര്യം, സുരക്ഷ, യാത്ര എന്നിവ ഉത്തർപ്രദേശ് സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.