അയോധ്യ: ബാബരി മസ്ജിദ് പ്രശ്നത്തിൽ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും സന്നദ്ധമല്ലെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് മുസ്ലിം ഹരജിക്കാർ. അയോധ്യയിൽ കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക മുസ്ലിംകളുടെ യോഗത്തിലാണ് മസ്ജിദ് മറ്റൊരു ഭാഗത്തേക്കും മാറ്റില്ലെന്നും ഒത്തുതീർപ്പിന് സന്നദ്ധമാവില്ലെന്നും തീരുമാനമെടുത്തത്. ഹാജി മഹ്ബൂബ്, ഇഖ്ബാൽ അൻസാരി, മുഹമ്മദ് ഉമർ എന്നീ കേസിലെ മൂന്ന് ഹരജിക്കാരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ മൂന്നുപേരും ഒപ്പുവെച്ചിട്ടുണ്ട്.
ജീവനകലാചാര്യൻ ശ്രീശ്രീ രവിശങ്കറും മുസ്ലിം പണ്ഡിതൻ മൗലാന സൽമാൻ നദ്വിയും ചേർന്ന് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കുന്നതായ വാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഹരജിക്കാർ സംയുക്തമായി തീരുമാനമെടുത്തത്. മുസ്ലിം സമുദായത്തിലെ ബറേൽവി, ദയൂബന്ദി, ശിയ വിഭാഗങ്ങളിലെ അംഗങ്ങൾ യോഗത്തിൽ പെങ്കടുത്തു. യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിൽ കേസിൽ സുപ്രീംകോടതിയുടെ തീരുമാനം മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. മസ്ജിദ് പരിസരത്ത് മുമ്പുതന്നെ ഹിന്ദു ആരാധനക്ക് അനുവദിച്ച ‘രാം ഛബൂത്ര’യിൽ രാമക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ലെന്ന് ഹരജിക്കാരനായ ഹാജി മഹ്ബൂബ് പറഞ്ഞു.
ബാബരി മസ്ജിദ് വിഷയത്തിൽ മൗലാന സൽമാൻ നദ്വിയുടെയും രവിശങ്കറിെൻറയും മധ്യസ്ഥതയിൽ അനുനയത്തിന് വഴിയൊരുങ്ങുന്നതായി നേരത്തെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. സുപ്രീംകോടതി വിധി മാനിക്കുക എന്ന മുസ്ലിം സമുദായത്തിെൻറ ദീർഘകാലത്തെ നിലപാടിനെ ലംഘിക്കുന്ന ഇൗ നീക്കം ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സംഘ്പരിവാർ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. ഇതിനെ തുടർന്ന് ഒത്തുതീർപ്പിനിറങ്ങിയ സൽമാൻ നദ്വിയെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിൽനിന്ന് പുറത്താക്കിയിരുന്നു. കേസിൽ ഒത്തുതീർപ്പിനില്ലെന്നും സുപ്രീംകോടതി വിധി അംഗീകരിക്കുകമാത്രമാണ് ചെയ്യുക എന്നതാണ് വ്യക്തിനിയമ ബോർഡിെൻറയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.