ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ ഫെബ്രുവരി എട്ടു മുതൽ അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി നിശ്ചയിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയലാക്ക് മനസ്സിലാക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം മാത്രം അന്തിമവാദം ആരംഭിക്കണമെന്ന സുന്നി വഖഫ് ബോർഡിെൻറയും മറ്റും വാദം തള്ളിയാണ് തീരുമാനം. ബാബരി വാർഷികത്തിെൻറ തലേന്നായ ചൊവ്വാഴ്ച അന്തിമവാദം തുടങ്ങാനിരുന്നതാണെങ്കിലും, ഉടമാവകാശവുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പരിഭാഷപ്പെടുത്തി കഴിഞ്ഞില്ലെന്ന് കണ്ടതിനെ തുടർന്നാണ് അന്തിമവാദം രണ്ടു മാസത്തേക്ക് നീട്ടിവെച്ചത്. കൂടുതൽ കാലതാമസം വരുത്താതെ എല്ലാ രേഖകളും പരിഭാഷയും ഹാജരാക്കാൻ ബന്ധപ്പെട്ട കക്ഷികളോട് സുപ്രീംകോടതി നിർദേശിച്ചു.
പള്ളി നിലനിന്ന 2.77 ഏക്കർ ഭൂമിയുടെ ഉടമാവകാശം സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവക്കായി തുല്യമായി വീതിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരായ 13 അപ്പീലുകളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നാസർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്.
അന്തിമവാദം ചൊവ്വാഴ്ച തുടങ്ങാനായില്ലെങ്കിലും രണ്ടു മണിക്കൂറോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങളാണ് സുപ്രീംകോടതിയിൽ നടന്നത്്. രണ്ട് ആവശ്യങ്ങളാണ് സുന്നി വഖഫ് ബോർഡിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ഉന്നയിച്ചത്. രാഷ്ട്രീയ മാനങ്ങൾ ഉള്ളതിനാൽ കേസ് പരിഗണിക്കുന്നത് 2019 ജൂലൈ 15ലേക്കു മാറ്റണം. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാന വ്യവഹാരമാണെന്നതു പരിഗണിച്ച് അഞ്ചോ, ഏഴോ ജഡ്ജിമാർ ഉൾപ്പെട്ട വിപുല ബെഞ്ച് അന്തിമവാദം കേൾക്കണം.
അലഹബാദ് ഹൈകോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും കേസിൽ കക്ഷിയായ യു.പി സർക്കാർ സുപ്രീംകോടതിക്ക് നൽകിയിട്ടില്ലെന്ന് സിബൽ സംശയം പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അത് നിഷേധിച്ചു. എന്നാൽ സിബൽ വിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ 19,000 പേജ് വരുന്ന രേഖകൾ പരിഭാഷപ്പെടുത്തിയെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നായി അദ്ദേഹം.
കേസ് വേഗത്തിൽ കേൾക്കണമെന്ന് ആവശ്യമുന്നയിക്കുന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിക്ക് പാർട്ടി പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന താൽപര്യമാണുള്ളത്. ക്ഷേത്രനിർമാണം ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. ചിലർ ഒരുക്കുന്ന കെണിയിൽ കോടതി വീഴാൻ പാടില്ല. അടിയന്തരമായി വാദം കേൾക്കേണ്ടതിെൻറ ആവശ്യം ബോധ്യപ്പെടുത്താതെ മുന്നോട്ടു പോകാനാണ് കോടതി ഉദ്ദേശിക്കുന്നതെങ്കിൽ സഹകരിക്കാതെ ഇറങ്ങിപ്പോകുമെന്ന് ഒരു ഘട്ടത്തിൽ കപിൽ സിബൽ, ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്കു വേണ്ടി ഹാജരായ രാജീവ് ധവാൻ, ദുഷ്യന്ത് ദവെ എന്നിവർ മുന്നറിയിപ്പു നൽകി.
രാമജന്മഭൂമി ട്രസ്റ്റിനു വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ്. കോടതി വിധിക്ക് ഗൗരവപ്പെട്ട മാനങ്ങൾ ഉണ്ടാകുമെങ്കിലും ഇത്തരം മുൻവിധികൾ കണക്കിലെടുക്കാൻ പാടില്ലെന്ന് അദ്ദേഹം വാദിച്ചു.
2019ലേക്ക് അന്തിമവാദം നീട്ടണമെന്നു പറയുന്നതു കൊണ്ട് യഥാർഥത്തിൽ ഇപ്പോൾ തന്നെ വാദം കേൾക്കുകയാണ് വേണ്ടത്്. അസാധാരണമായ ആവശ്യമാണത്. അനന്തരഫലങ്ങൾ ഉണ്ടാകുമെന്നു കരുതി കേസ് കേൾക്കാതിരിക്കാൻ കോടതിക്ക് കഴിയില്ല. കേസ് സുപ്രധാനമാണെങ്കിലും വാദംകേൾക്കൽ അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും എവിടെയെങ്കിലും അതിനു തുടക്കം കുറിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ടീസ്റ്റ സെറ്റൽവാദിെൻറ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമ നിർമാതാക്കളായ ശ്യാം െബനഗൽ, അമൃത സെൻ എന്നിവർകൂടി ഒപ്പുവെച്ച അപേക്ഷയിലെ ആവശ്യം, ബാബരി പൊളിച്ച സ്ഥലത്ത് പള്ളിയോ അമ്പലമോ നിർമിക്കുന്നതിനു പകരം മതേതര നിർമിതി ഉയരണമെന്നാണ്. സമവായ നിർദേശങ്ങൾ സുപ്രീംകോടതി കണക്കിലെടുക്കണമെന്ന ആവശ്യം ശിയ വഖഫ്ബോർഡ് മുന്നോട്ടു വെച്ചു.
സാമുദായിക സൗഹാർദം മുൻനിർത്തി തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്നതാണ് അവർ മുന്നോട്ടു വെക്കുന്ന ആശയത്തിെൻറ സാരം. അത്തരമൊരു നിർദേശത്തെ സുന്നി വഖഫ് ബോർഡ് എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.