ന്യൂഡൽഹി: ബാലസോർ ട്രെയിൻ അപകടക്കേസിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സീനിയർ സെക്ഷൻ എൻജിനീയർ (സിഗ്നൽസ്) അരുൺകുമാർ മഹന്ത, സെക്ഷൻ എൻജിനീയർ ആമിർ ഖന്ത്, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയത്. ജൂൺ രണ്ടിന് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 296 പേർ മരിക്കുകയും 1200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിൽ ജൂലൈ ഏഴിനാണ് മൂവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ചെന്നൈയിൽനിന്ന് ഹൗറയിലേക്കുള്ള കോറമാണ്ഡൽ എക്സ്പ്രസ് ബാലസോറിലെ ബഹാനഗ സ്റ്റേഷനിൽ നിർത്തിയിട്ട ചരക്കുട്രെയിനിൽ ഇടിച്ചുകയറുകയും ബോഗികൾ അടുത്ത ട്രാക്കിലേക്ക് വീണ് യശ്വന്ത്പുർ- ഹൗറ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
ബഹാനഗ സ്റ്റേഷന് സമീപത്തെ ലെവൽ ക്രോസിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലക്കാരനായിരുന്ന അരുൺകുമാർ മഹന്ത ജോലിയിൽ വീഴ്ചവരുത്തിയതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.