ബംഗളൂരു: ദേശീയപാത 766ൽ ബന്ദിപ്പൂർ കടുവസങ്കേതത്തിലൂടെ മുഴുവൻസമയ ഗതാഗത നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ സമരം ശക്തമാകുമ്പോഴും വിട്ടുവീഴ്ചക്കില്ലാതെ കർണാടക. മുഴുവൻ സമയവും പാത അടക്കണമെന്നാണ് സംസ്ഥാനത്തിെൻറ നിലപാടെന്നും സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു.
നിലവിലുള്ള രാത്രിയാത്രാനിരോധനം തുടരണമെന്നതാണ് കർണാടക തുടക്കം മുതൽ സ്വീകരിച്ച നിലപാട്. ഇതിൽ ഒരു മാറ്റവുമില്ല. പ്രശ്നം പരിസ്ഥിതിയുടേതാണ്. അതിനെതിരെ നിലകൊള്ളുന്നത് സമൂഹത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്. അതിനാൽതന്നെ വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് അതിർത്തി കഴിഞ്ഞുള്ള കർണാടകയിലെ ഗുണ്ടൽപേട്ടിലെ ജനങ്ങളുടെ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കി നിലനിൽപിനായുള്ള പോരാട്ടം വയനാട്ടിൽ കരുത്താർജിക്കുന്നതിനിടെയാണ് മുൻ സർക്കാറുകൾക്കു പിന്നാലെ ബി.ജെ.പി സർക്കാറും വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ചത്.
ഇതിനിടെ വയനാട്ടിലെ സമരങ്ങൾക്കു പിന്തുണ അർപ്പിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധി എം.പിയുടെ ട്വീറ്റിനെതിരെ കർണാടക വനംമന്ത്രി സി.സി. പാട്ടീലും രംഗത്തെത്തി. ദേശീയ പാർട്ടിയുടെ നേതാവായ രാഹുൽ ഗാന്ധി ഇതുപോലെ സംസാരിക്കരുതെന്നും എല്ലാ വശങ്ങളും ചിന്തിക്കണമെന്നും സി.സി. പാട്ടീൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി കർണാടക ഭരിച്ചപ്പോൾ ഇത്തരമൊരു നിർദേശം എന്തുകൊണ്ട് രാഹുൽ ഗാന്ധി കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പരിസ്ഥിതിക്കൊപ്പം ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.