ബംഗളൂരു: ആഗസ്റ്റ് 11ന് രാത്രി ബംഗളൂരു ഇൗസ്റ്റ് മേഖലയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുൻ മേയറടക്കം രണ്ട് കോൺഗ്രസ് കോർപറേറ്റർമാരെ ചോദ്യം ചെയ്തു. മുൻ മേയറും ഡി.ജെ ഹള്ളി കോർപറേറ്ററുമായ ആർ. സമ്പത്ത്രാജ്, പുലികേശി നഗർ കോർപറേറ്റർ അബ്ദുൽ റഖീബ് സാക്കിർ എന്നിവെരയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഒാഫിസിലേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം െചയ്തത്.
അക്രമം നടന്ന കാവൽ ബൈരസാന്ദ്ര, ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി മേഖല ഉൾെപ്പടുന്ന പുലികേശി നഗർ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എയായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുമായി പ്രദേശത്തെ കോൺഗ്രസ് കൗൺസിലർമാർക്കുള്ള ഭിന്നിപ്പ് സംബന്ധിച്ച വിവരങ്ങൾ തേടാനാണ് സമ്പത്ത്രാജിനെയും അബ്ദുൽ റഖീബ് സാക്കിറിനെയും ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇൗ വർഷം കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനകത്തെ പ്രാദേശിക അതൃപ്തിക്ക് അക്രമത്തിൽ പങ്കുണ്ടോ എന്നകാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
അക്രമസ്ഥലങ്ങളിൽനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മുൻ മേയറുമായി ബന്ധമുള്ള ചിലർ കൈയിൽ ആയുധങ്ങളുമായി സഞ്ചരിക്കുന്നതിെൻറയും വാഹനങ്ങൾ നശിപ്പിക്കുന്നതിെൻറയും തെളിവുകൾ പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഡി.ജെ ഹള്ളി വാർഡ് കോർപറേറ്ററായിരുന്ന സമ്പത്ത്രാജ് 2017^18 കാലത്ത് ബംഗളൂരു കോർപറേഷൻ മേയറായിരുന്നു. 2018 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.വി. രാമൻ നഗറിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എം.എൽ.എയുമായി ബന്ധപ്പെട്ട് സഭ്യമല്ലാത്ത സന്ദേശങ്ങൾ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതിനാണ് പുലികേശി നഗർ കോർപറേറ്റർ സാക്കിറിനെ പൊലീസ് ചോദ്യം ചെയ്തത്.
അക്രമവുമായി ബന്ധപ്പെട്ട് നാഗവാരയിലെ കോൺഗ്രസ് കോർപറേറ്റർ ഇർഷാദ് ബീഗത്തിെൻറ ഭർത്താവ് കലീം പാഷ നേരത്തേ അറസ്റ്റിലായിരുന്നു. എം.എൽ.എയുടെ വീടാക്രമിച്ച കേസിൽ കർണാടക ടിപ്പു സുൽത്താൻ ൈടഗർ അറഫാത്ത് ട്രസ്റ്റ് ഭാരവാഹിയായ വാജിദ് പാഷയും പിടിയിലായിട്ടുണ്ട്.
അക്രമസംഭവങ്ങൾക്ക് വഴിവെച്ചത് പ്രാദേശിക കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചിരുന്നു. വരാനിരിക്കുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനകത്ത് ടിക്കറ്റ് മോഹികളായ പലരും സംഭവത്തിനു പിന്നിലുണ്ടെന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, ഇൗ ആരോപണം നിഷേധിച്ച കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, ആൾക്കൂട്ടത്തിെൻറ ആക്രമണത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് പങ്കില്ലെന്നും പ്രവാചക നിന്ദ പോസ്റ്റിട്ട നവീനെതിരെ നടപടി സ്വീകരിക്കുന്നതിലും ആക്രമികെള നിയന്ത്രിക്കുന്നതിലും പൊലീസിന് വന്ന വീഴ്ച അംഗീകരിക്കുന്നതിന് പകരം സർക്കാർ കോൺഗ്രസിനെ കുറ്റെപ്പടുത്തുകയാണെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.