ലഖ്നോ: 12 തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ മതിയായ തെളിവുകളില്ലെന്ന കാരണത്താൽ ഉത്തർ പ്രദേശിലെ ബറേലി കോടതി വെറുതെവിട്ടു. തായ്ലൻഡിൽനിന്നുള്ള ഒമ്പതുപേരെയും തമിഴ്നാട്ടിൽനിന്നുള്ള രണ്ടുപേരെയും ഒരു യു.പി സ്വദേശിയെയുമാണ് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്.
കഴിഞ്ഞ വർഷം ഷാജഹാൻപൂരിലെ ഒരു പള്ളിയിൽനിന്നാണ് ഇവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ഷാജഹാൻപൂരിലെ സാദർ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം, പകർച്ചവ്യാധി നിയമം, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, ഫോറിനേഴ്സ് ആക്ട്, പാസ്പോർട്ട് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചാർത്തിയായിരുന്നു കേസ്. കേസിെന്റ വാദംകേൾക്കൽ ബറേലിയിലാണ് നടന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് യോഗത്തിൽ പങ്കെടുത്തവർ കൊവിഡ് പരത്തിയെന്ന് ആരോപിച്ച് പലയിടങ്ങളിലും കേസെടുത്തിരുന്നു. എന്നാൽ, മുംബൈ ഉൾപെടെ മിക്കയിടങ്ങളിലും ഇവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയക്കുകയായിരുന്നു.
നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കോവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈകോടതി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിധി പറഞ്ഞത്. ഇവർ രോഗം പരത്തിയതിന് ഒരു തെളിവുകളും ഇല്ല. കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി എട്ടു മ്യാന്മർ സ്വദേശികൾക്കെതിരെ എടുത്ത കേസുകൾ അന്ന് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.