മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് നങ്കൂരം തകർന്ന് നിയന്ത്രണംവിട്ട ബാർജ് റിഗ്ഗിൽ ഇടിച്ചുമുങ്ങിയ സംഭവത്തിൽ ക്യാപ്റ്റനെതിരെ കേസ്. ക്യാപ്റ്റൻ രാജേഷ് ബല്ലവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് മുംബൈ യെല്ലോഗേറ്റ് പൊലീസ് കേസെടുത്തത്.
ബാർജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച് ചീഫ് എൻജീനിയർ റഹ്മാൻ ഷെയ്ഖ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം, അപകടത്തിന് പിന്നാലെ കാണാതായ ക്യാപ്റ്റനെ കുറിച്ച് ഒരു വിവരവുമില്ല.
ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിൽ നിന്നും രക്ഷപ്പെട്ട് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചീഫ് എൻജീനിയർ റഹ്മാൻ ഷെയ്ഖ് ഇന്നലെയാണ് ക്യാപ്റ്റൻ മുന്നറിയിപ്പ് അവഗണിച്ച വിവരം പുറത്തുവിട്ടത്. ചുഴലിക്കാറ്റ് വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പ് പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ മടങ്ങി.
ക്യാപ്റ്റനോട് മുന്നറിയിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, 40 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുകയെന്നും മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. പക്ഷേ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റെത്തിയത്. അത് കനത്ത നാശം വിതക്കുകയും ചെയ്തുവെന്ന് റഷ്മാൻ ഷെയ്ഖ് പറഞ്ഞു.
ടോട്ടേ ആഞ്ഞുവീശിയതോടെ അർധരാത്രിക്കു ശേഷമാണ് ബാർജ് നങ്കൂരം തകർന്ന് നിയന്ത്രണം വിട്ട് റിഗ്ഗിൽ ഇടിച്ചു മുങ്ങിയത്. അപകടത്തിൽ മൂന്നു മലയാളികളടക്കം 50 പേർ മരിച്ചു. വയനാട് വടുവൻചാൽ മേലെ വെള്ളേരി സുധാകരന്‍റെ മകൻ സുമേഷ്, വയനാട് പനമരം വിളമ്പുകണ്ടം ഏച്ചോം സ്വദേശി ജോമിഷ് ജോസഫ് (35), കോട്ടയം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായിലിന്റെ മകൻ സസിൻ ഇസ്മായിൽ (29) എന്നീ മലയാളികളാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 261 പേരിൽ 186 പേരെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.