ന്യൂഡൽഹി: ബി.ബി.സിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനക്കിടെ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയെന്ന് ആരോപണം. സ്ഥാപനത്തിനെറ ദൈനം ദിന പ്രവർത്തനങ്ങൾ തടസപ്പെടുത്താതെയാണ് ആദായ നികുതി സർവേ നടത്തുന്നതെന്ന സെൻട്രൽ ബോർഡ് ഒഫ് ഡയറക്ടടാക്സസിന്റെ അവകാശ വാദം തള്ളിക്കൊണ്ട് ബി.ബി.സി അവരുടെ ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജോലി തടസപ്പെടുത്തിയെന്ന് ആരോപണ മുന്നയിച്ചത്.
‘ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ മണിക്കൂറുകളോളം മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥരും പെലീസുകാരും അവരോട് അപമര്യാദയായി പെരുമാറി. മാധ്യമപ്രവർത്തകരുടെ കമ്പ്യൂട്ടറുകളും ഫോണും പരിശോധിച്ചു. കൂടാതെ, അവരുടെ ജോലിയുടെ സ്വഭാവം സംബന്ധിച്ചും രീതി സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ചു. അതോടൊപ്പം ഡൽഹി ഓഫീസിലെ മാധ്യമ പ്രവർത്തകരെ പരിശോധന സംബന്ധിച്ച് എന്തെങ്കിലും എഴുതുന്നതിൽ നിന്നും വിലക്കുകയും ചെയ്തുവെന്ന് ലേഖനത്തിൽ പറയുന്നു.
മുതിർന്ന എഡിറ്റർമാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഹിന്ദി, ഇംഗീഷ് മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല. ബ്രോഡ്കാസ്റ്റിന് സമയമാകാറായപ്പോഴാണ് മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചതെന്നും ലേഖനത്തിൽ ആരോപണമുണ്ട്.
നേരത്തെ, കമ്പനിയുടെ പേര് പരാമർശിക്കാതെ, മാധ്യമ സ്ഥാപനത്തിന്റെ ദൈന്യംദിന പ്രവർത്തനങ്ങൾ തടസപ്പെടുത്താതെ , സർവേ നടപടികൾ പുരോഗമിക്കുന്നുവെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ടടാക്സസ് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ പ്രസ്താവനക്ക് വിരുദ്ധമായി സ്ഥാപനത്തിന്റെ ദൈന്യം ദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തിയാണ് ആദായ നികുതി പരിശോധന നടന്നതെന്നാണ് ബി.ബി.സിയുടെ ലേഖനത്തിൽ ആരോപിക്കുന്നത്. 60 മണിക്കൂറുകൾക്ക് ശേഷമാണ് ബി.ബി.സിയിലെ സർവേ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.