ന്യൂഡൽഹി/തിരുവനന്തപുരം/ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുള്ള ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ‘ ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തുനിന്ന് മറച്ചുപിടിക്കാൻ നടത്തിയ കേന്ദ്ര സർക്കാർ നീക്കം പൊളിയുന്നു. ബി.ബി.സി സംപ്രേഷണത്തിനു പിന്നാലെ ഡോക്യുമെന്ററി ഇന്ത്യയിലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കാൻ രായ്ക്കുരാമാനം കരുക്കൾ നീക്കിയ സർക്കാർ ശ്രമം പരിഹാസ്യമായെന്ന് വെളിവാക്കി പ്രതിപക്ഷ സംഘടനകളും വിദ്യാർഥി സമൂഹവും രാജ്യവ്യാപകമായി ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ചു. ഇടതു സംഘടനകളും കോൺഗ്രസും കേരളത്തിൽ വിവിധയിടങ്ങളിലും പ്രദർശനം നടത്തി. ബി.ജെ.പി പ്രവർത്തകർ തടയാനെത്തിയത് തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും സംഘർഷം സൃഷ്ടിച്ചു.
ദേശീയതലത്തിൽ പ്രചാരണം ഏറ്റെടുത്ത വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ ഡോക്യുമെന്ററി ലിങ്കുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിദ്യാർഥി യുവജന സംഘടനകൾ കാമ്പസുകളിലും തെരുവുകളിലും പരസ്യ പ്രദർശനവും തുടങ്ങി. തിങ്കളാഴ്ച ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് എച്ച്.സി.യു യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. തുടർന്ന് എ.ബി.വി.പി രജിസ്ട്രാർക്ക് പരാതി നൽകി. ജെ.എൻ.യുവിൽ രജിസ്ട്രാറുടെ വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുമെന്ന് സർവകലാശാല യൂനിയൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി വാഴ്സിറ്റിയിൽ വൈദ്യുതി വിച്ഛേദിച്ചു. എത്ര മറച്ചാലും സത്യം പൂർണ തേജസ്സോടെ പുറത്തുവരുമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി ഡോക്യുമെന്ററിയെ പിന്തുണച്ചപ്പോൾ വെള്ളക്കാരാണ് ഇപ്പോഴും പ്രതിപക്ഷത്തിന്റെ യജമാനന്മാരെന്ന് ബി.ജെ.പി പ്രതികരിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് പ്രദർശനം നടന്നത്. തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ നടത്തിയ പരിപാടി തടയാനെത്തിയ ബി.ജെ.പി പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു നേരിട്ടു. വെള്ളയമ്പലം മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസും പ്രദർശനം നടത്തി. ഇവിടെയും ബി.ജെ.പി പ്രതിഷേധമുണ്ടായി. കണ്ണൂർ സർവകലാശാലയിൽ വിലക്ക് ലംഘിച്ചാണ് എസ്.എഫ്.ഐ പ്രദർശനം നടത്തിയത്. ജില്ലയിൽ വിവിധയിടങ്ങളിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, കെ.എസ്.യു സംഘടനകൾ ലോ കോളജിലും ഫാറൂഖ് കോളജിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചു. തടയുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരുമെത്തിയില്ല. എറണാകുളത്ത് മഹാരാജാസ് കോളജ്, ലോ കോളജ് അടക്കം വിവിധയിടങ്ങളിൽ വിദ്യാർഥി യുവജന സംഘടനകൾ പ്രദർശനം നടത്തി. ലോ കോളജിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. വരും ദിവസങ്ങളിലും വിവിധ കാമ്പസുകളിലുൾപ്പെടെ പ്രദർശനം പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ ഡോക്യുമെന്ററി പ്രദർശനം തടയാൻ ശ്രമമുണ്ടായി. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ പഴയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഇതിനിടെ ബി.ജെ.പി പ്രവർത്തകരെത്തി തടയാൻ ശ്രമിക്കുകയായിരുന്നു. അഞ്ചു ബി.ജെ.പി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുശേഷം പൊലീസിന്റെ കനത്ത സുരക്ഷയിൽ ഡോക്യൂമെന്ററി പ്രദർശനം പൂർത്തിയാക്കി.
സംസ്ഥാനത്തുടനീളം ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. രാജ്യമെമ്പാടും പ്രദർശിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേരളത്തിൽ പ്രദര്ശിപ്പിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടു. പ്രദർശനം തടയുമെന്ന് യുവമോർച്ച പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.