ബി.ജെ.പി ലക്ഷ്യമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥയെ ബംഗാൾ ഗവർണറുടെ ഓഫിസിൽ നിന്ന് മാറ്റി

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ബി.ജെ.പി നോട്ടമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥയെ ഗവർണറുടെ ഓഫിസിൽ നിന്ന് മാറ്റി. ബംഗാൾ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നന്ദിനി ചക്രവർത്തിയെ രാജ്ഭവനിൽ നിന്ന് ടൂറിസം വകുപ്പിലേക്കാണ് മാറ്റിയത്.

നന്ദിനി ചക്രവർത്തി മമത ബാനർജിയുമായി സൗഹൃദം പുലർത്തുന്നത് ബി.ജെ.പിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പല വിഷയങ്ങളിലും തെറ്റിദ്ധരിപ്പിച്ചുവെന്നും രാജ്ഭവനിൽ സർക്കാരിന്റെ അജണ്ട തീരുമാനിക്കുന്നത് അവരാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. നന്ദിനി ഐ.എ.എസിനെ രാജ്ഭവനിൽ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ​പ്രാദേശിക ഘടകം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ ശനിയാഴ്ച ഗവർണർ സി.വി ആനന്ദ ബോസിനെ കണ്ടതിന് പിന്നാലെയാണ് രാജ്ഭവന്റെ നടപടി. ഉദ്യോഗസ്ഥ​യെ മാറ്റാൻ അദ്ദേഹം ഗവർണറോട് അഭ്യർഥിച്ചതായി വൃത്തങ്ങൾ അറിയിച്ചു. യോഗത്തിൽ ബി.ജെ.പി നേതാവ് ഉന്നയിച്ച നിരവധി വിഷയങ്ങൾ ഗവർണറുടെ ഓഫീസ് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വന്ന പത്രക്കുറിപ്പിൽ ഇക്കാര്യം പരാമർശിച്ചിരുന്നില്ല.

ബംഗാളിൽ തന്റെ മുൻഗാമിയും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖറുടെ പാത പുതിയ ഗവർണറും പിന്തുടരണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ധൻഖറുടെ ഭരണകാലത്ത് രാജ്ഭവനും സർക്കാരും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നിരുന്നു. അതിനിടെ, രാജ്ഭവനെ ബി.ജെ.പി ഓഫിസ് ആക്കി മാറ്റിയതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.  

Tags:    
News Summary - Bengal Bureaucrat Officer Targeted By BJP Moved Out Of Governor's Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.