വടക്കൻ ബംഗാളിലെ മുസ്ലിം വോട്ടർമാരുള്ള മാൾഡ പട്ടണത്തിലെ ഇംഗ്ലീഷ് ബസാറിൽ നോമ്പ് തുറ നേരത്തും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കൃഷേന്ദു നാരായൺ ചൗധരിക്കായുള്ള പ്രസംഗം നിർത്താതെ തുടരുകയാണ്. തൊട്ടപ്പുറത്തെ മൂലയിൽ ബി.ജെ.പി പ്രചാരണം തകർക്കുേമ്പാൾ തങ്ങളുടെ പരിപാടി നിർത്തിവെക്കാനുള്ള മാനസികാവസ്ഥയിലല്ല തൃണമൂൽ കോൺഗ്രസ്.
കോവിഡ് വ്യാപനം തടയാൻ തങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കാതെ ഏഴു മണിയോടെ പ്രചാരണ പരിപാടികൾ അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചത് തങ്ങളെ ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തിയതിനെ ശരിവെക്കുന്നതാണ് മാൾഡയിൽ കണ്ടത്.
കോൺഗ്രസിെൻറ പരമ്പരാഗത മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തൃണമൂലിന് വൈകീട്ട് ആറ് മണിക്കുള്ള നോമ്പുതുറക്കുശേഷം പ്രചാരണം നടത്താൻ കഴിയാതെ വരും. മുസ്ലിംവോട്ടർമാർ ആറ് മണിയോടെ വീടണയും. എന്നാൽ, ഹിന്ദു വോട്ടർമാരെ ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണ പ്രചാരണവുമായി ഏഴു മണിവരെ ബി.ജെ. പിക്ക് മുന്നോട്ടുപോകാൻ കഴിയും. പ്രചാരണ വേദിയിലെ തൃണമൂൽ പ്രസംഗകരുടെ പ്രധാന വിഷയവും കോവിഡ് തന്നെയാണ്.
കോവിഡ് ബാധിച്ച് രണ്ടു സ്ഥാനാർഥികൾ മരിക്കുകയും തെരഞ്ഞെടുപ്പ് കമീഷെൻറ 11 നിരീക്ഷകർക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പുനർവിചിന്തനത്തിനായി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലും ബി.ജെ.പി അജണ്ട നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ തുനിഞ്ഞതെന്നാണ് മമത ആരോപിക്കുന്നത്.
മോദിയുടെയും അമിത് ഷായുടെയും റാലികൾക്കുവേണ്ടി പരമാവധി ഘട്ടങ്ങളാക്കി നടത്തുന്ന തെരഞ്ഞെടുപ്പ് കോവിഡ് പരിഗണിച്ച് ബാക്കി മണ്ഡലങ്ങളിൽ ഒറ്റ ഘട്ടമായി നടത്തണമെന്നാണ് തൃണമൂൽ ആവശ്യപ്പെട്ടത്. ഇതിനെ ബി.ജെ.പി ശക്തിയുക്തം എതിർത്തപ്പോൾ തെരഞ്ഞെടുപ്പു കമീഷനും ആവശ്യം തള്ളി. വൈകീട്ട് ഏഴു മുതൽ പുലർച്ചവരെ പ്രചാരണം വേണ്ടെന്നുവെക്കാമെന്ന ബി.ജെ.പിയുടെ കൂടി താൽപര്യം കമീഷൻ സ്വന്തം തീരുമാനമാക്കി മാറ്റുകയും ചെയ്തു.
രാജ്യമൊട്ടാകെ കോവിഡ് പടർന്നുപിടിക്കുേമ്പാഴും ബി.ജെ.പിയുടെ താൽപര്യം മാത്രം പരിഗണിച്ച് തെരഞ്ഞെടുപ്പ് നേരത്തേ നിശ്ചയിച്ചപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിനെ ഞായറാഴ്ചയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും മമത ബാനർജി കുറ്റപ്പെടുത്തി.
ബംഗാളിൽ കോവിഡ് പരത്തുന്നതിന് പുറത്തു നിന്നുള്ള നേതാക്കളാണെന്ന് ഞായറാഴ്ച മമത തുറന്നടിച്ചു. പശ്ചിമബംഗാളിനായുള്ള പോരാട്ടത്തിനിടയിൽ അൽപസമയം കോവിഡിനെതിരായ പോരാട്ടത്തിനും മാറ്റിവെക്കണമെന്ന് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പി. ചിദംബരം മോദിയെയും അമിത് ഷായെയും പരിഹസിച്ചു.
കോൺഗ്രസുമായി സഖ്യത്തിലുള്ള സി.പി.എം വലിയ റാലികളിൽനിന്ന് നേരത്തേ തന്നെ പിന്മാറിയിരുന്നതിനാൽ കോവിഡ് ചർച്ചയിൽ ബി.ജെ.പി പ്രതിരോധത്തിലായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.