ന്യൂഡൽഹി: പട്ടിക ജാതി പട്ടിക വർഗ സംവരണത്തിൽ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജനജീവിതത്തെ ബാധിക്കുകയും ബിഹാറിൽ ലാത്തിച്ചാർജിൽ കലാശിക്കുകയും ചെയ്തു. റിസർവേഷൻ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബിഹാറിലെ ലാത്തിച്ചാർജിനെതിരെ ഭീം ആർമി നേതാവും ലോക്സഭാ എം.പിയുമായ ചന്ദ്രശേഖർ ആസാദും അനുയായികളും ജന്തർ മന്തറിൽ പ്രതിഷേധിച്ചു. തങ്ങളുടെ അവകാശങ്ങളിൽ തൊട്ടാൽ നോക്കിയിരിക്കില്ലെന്ന് സർക്കാറിനെയും കോടതിയെയും ഓർമിപ്പിക്കുന്നതാണ് ബുധനാഴ്ച തെരുവിൽ പ്രതിഷേധിച്ചിറങ്ങിയ ജനക്കൂട്ടമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. കാലം ഏറെ മാറിയെന്ന് സർക്കാറും കോടതിയും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) പിന്തുണച്ച ഭാരത് ബന്ദിനെ ജനതാദൾ യു നയിക്കുന്ന എൻ.ഡി.എ സർക്കാർ പൊലീസിനെ ഉപയോഗിച്ച് നേരിട്ടു. പട്നയിൽ ദേശീയപാത തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ധർഭംഗയിലും ബക്സറിലും പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ഹർത്താലിന് സമാനമായ സാഹചര്യമുണ്ടായി. ശക്തമായ പൊലീസ് സന്നാഹം പ്രദേശത്ത് ഒരുക്കിയിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.